Site icon MalluChronicle

അന്നം നൽകുന്ന യജമാനന്റെ ജീവൻ രക്ഷകരായി കാക്കക്കൂട്ടം

പറവൂര്‍: അന്നം നല്‍കുന്ന യജമാനന്റെ കൈകള്‍ക്ക് രക്ഷകരായി കാക്കക്കൂട്ടം.

കാക്കക്കൂട്ടം വിഷപ്പാമ്പു കടിയില്‍നിന്ന് രക്ഷിച്ചതിന്റെ അദ്ഭുതം വിട്ടുമാറിയിട്ടില്ല പറവൂര്‍ നഗരസഭ ചൈതന്യ ലെയ്നില്‍ ശാന്തിനിലയത്തില്‍ സ്വാമിയെന്നറിയപ്പെടുന്ന കെ. സുരേഷ് ബാബുവിന്.

സുരേഷ് ബാബു ഭക്ഷണം കൊടുക്കുന്ന കാക്കകളാണ് രക്ഷകരായത്. ദിവസവും രാവിലെ കാക്കകള്‍ക്ക് ഭക്ഷണം കൊടുക്കുകയെന്ന ശീലം സുരേഷ് ബാബു വര്‍ഷങ്ങളായി ചെയ്തു വരുന്നുണ്ട്.

ഒന്നും പ്രതീക്ഷിച്ചായിരുന്നില്ല സുരേഷ് ബാബു കാക്കകൾക്ക് അന്നം കൊടുത്തിരുന്നത്. എന്നാൽ അതിനിപ്പോള്‍ വലിയൊരു അനുഗ്രഹ വുമുണ്ടായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കനത്ത മഴയായിരുന്നു. രാവിലെ 6.30-ഓടെ പതിവു തെറ്റിക്കാതെ കാക്കകള്‍ക്കുള്ള ഭക്ഷണം പാത്രത്തിലാക്കി അടുക്കളവശത്തെ വാതില്‍ തുറന്ന് പുറത്തിറങ്ങാനൊരുങ്ങിയ സുരേഷ് ബാബുവിന്റെ അരികിലേക്ക് ഭക്ഷണം കാത്തിരുന്ന കാക്കകളില്‍ മൂന്നെണ്ണം പെട്ടെന്ന് പറന്നടുത്തു.

സുരേഷ് ബാബുവിനെ പുറത്തേയ്ക്കിറങ്ങാനും അവ സമ്മതിക്കുന്നില്ല. മാത്രമല്ല അസാധാരണ ശബ്ദം കൂട്ടമായി പുറപ്പെടുവിച്ച് മുഖത്തും നെഞ്ചിലും തട്ടി അവ ചുറ്റും പറന്നു.

കാക്കകളുടെ ഈ അപ്രതീക്ഷിത പെരുമാറ്റത്തില്‍ സുരേഷ് ബാബു അമ്പരന്നു നിൽക്കുന്നതിനിടെ ഒരു നിമിഷം താഴോട്ടൊന്നു നോക്കിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം പിടികിട്ടിയത്.

അടുത്ത കാലെടുത്തു വെച്ചാലത് ഉഗ്ര വിഷമുള്ള പാമ്പിനു മേലാകുമായിരുന്നു. കടി ഉറപ്പായിരുന്നു. ശക്തമായ മഴയില്‍ വീട്ടുവളപ്പില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
അതാണ് പാമ്പ് വരാനിടയാക്കിയത്.

നിത്യവും രാവിലെ സുരേഷ് ബാബു നല്‍കുന്ന ഭക്ഷണം കഴിക്കാനെത്തുന്നത് 12 കാക്കകളാണ്. കാക്കകളുടെ ഈ സ്നേഹത്തിനു മുന്നിൽ കൈകൂപ്പുകയാണിപ്പോൾ സുരേഷ് ബാബു. ജീവൻ രക്ഷിച്ചതിനുള്ള കടപ്പാടും.

ചേന്ദമംഗലം കൈത്തറി യാണ്‍ ബാങ്ക് സെക്രട്ടറിയാണ് സുരേഷ് ബാബു.

Exit mobile version