
അഗ്നിപഥ് പദ്ധതിക്കെതിരായി രാജ്യ വ്യാപകമായി പ്രതിഷേധം കനക്കുന്നു. പ്രതിഷേധക്കാർ സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകൾ കത്തിച്ചു.
ബിഹാറിൽ പാസഞ്ചർ ട്രെയിനിനാണ് ഉദ്യോഗാർത്ഥികൾ തീയിട്ടത്. ജമ്മുത്താവി- ഗുഹാവത്തി എക്സ്പ്രസിനാണ് തീയിട്ടത്. രണ്ട് ബോഗികൾ പൂർണമായും കത്തി നശിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.
ലഖിസറായ് സ്റ്റേഷനിൽ വിക്രംശീല എക്സ്പ്രസും സമരക്കാർ കത്തിച്ചു. ഇതിനുപുറമേ ആര റെയിൽവേ സ്റ്റേഷനിലും പ്രതിഷേധം നടക്കുകയാണ്. ബക‍്‍സർ, ലഖിസരായി,ലാക‍്‍മിനിയ എന്നിവിടങ്ങളിൽ റെയിൽവേ ട്രാക്കിനും അക്രമികൾ തീയിട്ടു.
ഉത്തർ പ്രദേശിലെ ബലിയയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് നേരെയും ആക്രമണമുണ്ടായി. സ്റ്റേഷൻ നൂറിലധികം പ്രതിഷേധക്കാർ അടിച്ചുതകർത്തു.സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.
ഹരിയാനയിലെ മഹേന്ദ്രഗഡിലും ബല്ലഭ്‍ഗഡിലും പ്രതിഷേധം ഉണ്ടായി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ ഇന്റൻനെറ്റ്, എസ്.എം.എസ് സംവിധാനങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
എഴ് സംസ്ഥാനങ്ങളിൽ ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇന്നലെ ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചിരുന്നു. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോഗാർത്ഥികൾ. അഗ്നിശമന വിഭാഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ വീണ്ടും വ്യാപക അക്രമമാണ് നടക്കുന്നത്. ബിഹാറിലെ സരണിൽ ബിജെപി എംഎൽഎയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി.
അതേസമയം ‘അഗ്നിപഥ്’ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടായിരിക്കുകയാണ്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി കേന്ദ്ര സർക്കാർ ഉയർത്തി. പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി 23 വയസിലേക്കാണ് ഉയർത്തിയത്. നേരത്തെ 21 വയസ് വരെ പ്രായമുള്ളവരെ നിയമിക്കും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. അതേസമയം ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വർഷമായി റിക്രൂട്ട്മെന്‍റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നൽകുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. യുവാക്കളുടെ ഭാവി അനിശ്‌ചിതത്വത്തിൽ ആകുമെന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, അഗ്നിപഥ് പദ്ധതിയെ യുവാക്കൾ തിരസ്കരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന് വേണ്ടതെന്തെന്ന് തിരിച്ചറിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുന്നില്ല. ചില സുഹൃത്തുക്കളെയല്ലാതെ മറ്റാരെയും കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റില്‍ കുറ്റപ്പെടുത്തി. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.