![](https://i0.wp.com/malluchronicle.com/wp-content/uploads/2023/04/images282629-9.jpeg?resize=650%2C365&ssl=1)
തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽ ചൂടിന് ആശ്വാസമായി മഴയെത്തി. തലസ്ഥാന ജില്ലയിൽ ശക്തമായ മഴയാണ് ഇന്ന് അനുഭവപ്പെട്ടത്. തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറിൽ അനുഭവപ്പെട്ടത്. ഇപ്പോഴും പലയിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്.
തിരുവനന്തപുരം നഗരത്തിൽ മാത്രം 15 മിനിറ്റിൽ 16.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. വെള്ളായണി മേഖലയിലാകട്ടെ 15 മിനിറ്റിൽ 9.5 മി മീ മഴ ലഭിച്ചു.
അതേസമയം അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എട്ട് ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
അതേസമയം അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇത് പ്രകാരം വിവിധ ജില്ലകളിൽ വിവധ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്.