
പുറത്തുള്ള അനാവശ്യ ശബ്ദങ്ങൾ കേൾക്കാതിരിക്കാനും സംഗീതമോ, സിനിമയോ സ്വസ്ഥമായി ആസ്വദിക്കാനുമെല്ലാമാണ് നാം ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത്. തിരക്കുപിടിച്ച കാലത്ത് മൊബൈലും ഹെഡ്‌ഫോണും ജീവിതത്തിന്റ ഒരു ഭാഗമായിമാറിക്കൊണ്ടിരിക്കുകയാണ്.
ഒരു ദിവസം നാം മണിക്കൂറുകളോളമാണ് ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത്. എന്നാൽ സ്ഥിരമായി മണിക്കൂറുകളോളം ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മണിക്കൂറുകൾ നീളുന്ന ഹെഡ്ഫോൺ ഉപയോഗം ചെവിക്ക് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. ഉയർന്ന ശബ്ദത്തിൽ ഹെഡ്ഫോണുകൾ ഉപയോഗിച്ച് പാട്ടുകേൾക്കുന്നതും കേൾവിശേഷിയെ തന്നെ സാരമായി ബാധിക്കും.
സുരക്ഷിതമല്ലാത്ത ശ്രവണ രീതികൾ മൂലം ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം യുവാക്കൾക്ക് കേൾവിശക്തി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന യുടെ കണക്കുകൾ പറയുന്നത്. ദിവസേന മണിക്കൂറുകളോളം ഹെഡ്ഫോണോ ഇയർഫോണോ ഉപയോഗിക്കുന്നത് കേൾവി കുറവ്, സാമ്മർദ്ദം, തലവേദന, ഹൃദ്രോഗം എന്നിവക്ക് വരെ കാരണമായേക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.