
കൊല്ലം : നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ ക്രൂരമായ ആക്രമണം. ഒരു സംഘം യുവാക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സിനെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളോടെ ഡോക്ടറെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്ടർ ഉണ്ണികൃഷ്ണൻ, നഴ്സ് ശ്യാമിലി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചാണ് യുവാക്കൾ ആക്രമിച്ചതെന്നാണ് പരുക്കേറ്റ ഡോക്ടർ പറയുന്നത്. കമ്പി വടികൾ ഉപയോഗിച്ചാണ് ഡോക്ടറേയും നഴ്സിനേയും യുവാക്കൾ മർദ്ദിച്ചത്.
അതെ സമയം, ആരോഗ്യപ്രവർത്തകരെ ആക്രമിച്ച യുവാക്കൾ ഉന്നയിക്കുന്നത് തെറ്റായ ആരോപണമാണെന്ന് കെജിഎംഒഎ പറഞ്ഞു. അവർക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ആശുപത്രിയിൽ മാസ്‌ക് ധരിക്കാൻ പറഞ്ഞതാണ് പ്രകോപനമായതെന്നും കെജിഎംഒഎ വ്യക്തമാക്കി. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്കരിക്കാൻ കെ.ജി.എം.ഒ.എ തീരുമാനിച്ചു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകി.
അതിനിടെ നഴ്സിനെയും ഡോക്ടറെയും മർദ്ദിച്ച യുവാക്കളെ തിരിച്ചറിഞ്ഞെന്ന് പോലീസ് പറഞ്ഞു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് താലൂക്ക് ആശുപത്രിയിലെത്തി സംഘർഷം ഉണ്ടാക്കിയത്. ഇവർ എല്ലാവരും ഒളിവിളനാണെന്നും ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയണെന്നും പോലീസ് പറഞ്ഞു.കമ്പി വടികൾ ഉപയോഗിച്ചാണ് സംഘം ആരോഗ്യപ്രവർത്തകർ മർദ്ദിച്ചത്