കോവളത്ത് സ്വകാര്യ ഹോട്ടലിൽ വിദേശി ഉറുമ്പരിച്ച നിലയിൽ. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്സിനെയാണ് ബീച്ചിനു പിന്നിലെ ഹോട്ടലിൽ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്. 77 വയസ്സുകാരനാണ് ഇർവിൻ ഫോക്സ്. ആരോഗ്യനില മോശമായ നിലയിൽ കണ്ടെത്തിയ ഇർവിൻ ഫോക്സിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഒരാഴ്ച മുമ്പാണ് ഇർവിൻ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് വീണ ഇർവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കു ശേഷം കോവളത്തെ ഹോട്ടൽ മുറിയിലായിരുന്നു താമസം. കോവളം പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ ബീച്ച് പരിശോധനക്കിടെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുറിക്കുള്ളിൽ മലമൂത്ര വിസർജ്യങ്ങൾക്കുള്ളിലാണ് അദ്ദേഹം കിടന്നിരുന്നത്. ഇദ്ദേഹത്തിൻ്റെ മുറുവുകളിൽ ഉറുമ്പരിച്ചിരുന്നു. ആഹാരമോ പരിചരണമോ ലഭിക്കാതെ അവശനിലയിലായിരുന്നു.
നിലവിൽ ഇദ്ദേഹത്തിന് പരിചരണവും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ പാസ്പോർട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു.
ചികിത്സ നൽകാതിരുന്ന ഹോട്ടൽ ഉടമയ്ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.