![](https://i0.wp.com/malluchronicle.com/wp-content/uploads/2022/02/image_search_1645672476408-1.jpg?resize=650%2C433&ssl=1)
പഞ്ചാബ് കിംഗ്സിൻ്റെ ക്യാപ്റ്റനായി മായങ്ക് അഗർവാൾ സ്ഥാനമേൽക്കുമെന്ന് റിപ്പോർട്ട്. ധവാനെയും ക്യാപ്റ്റനായി പരിഗണിച്ചിരുന്നെങ്കിലും ഫ്രാഞ്ചൈസിക്കൊപ്പം ഏറെക്കാലമുണ്ടായിരുന്ന താരമായിരുന്നു എന്നതിനാൽ അഗർവാളിനെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ ആഴ്ച്ച തന്നെ വിവരം ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ധവാനെ മെഗാ ലേലത്തിനു മുൻപ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. തുടർന്ന് 8.25 കോടി രൂപ നൽകി ധവാനെ പഞ്ചാബ് ലേലത്തിലൂടെ സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ സീസണുകളിൽ പഞ്ചാബ് കിംഗ്സ് നായകനായിരുന്ന ലോകേഷ് രാഹുൽ മെഗാലേലത്തിനു മുൻപ് താരം ഫ്രാഞ്ചൈസി വിട്ടിരുന്നു. ശേഷം മെഗാലേലത്തിനു മുൻപ് തന്നെ പുതിയ ടീമുകളിലൊന്നായ ലക്നൗ സൂപ്പർ ജയൻ്റ്സ് രാഹുലിനെ ടീമിലെത്തിക്കുകയും നായകനാക്കുകയും ചെയ്തു.
അതേസമയം, ഐപിഎല്ലിൽ സുരേഷ് റെയ്നയെ മിസ് ചെയ്യുമെന്ന് താരത്തിൻ്റെ മുൻ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ പറഞ്ഞു. ഐപിഎൽ ലേലത്തിൽ റെയ്നയെ ടീമിലെടുക്കാതിരുന്നതിന് ആരാധകർ ഫ്രാഞ്ചൈസിക്കെതിരെ വിമർശനമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കാശി വിശ്വനാഥൻ രംഗത്തെത്തിയത്.
“കഴിഞ്ഞ 12 വർഷമായി ചെന്നൈയുടെ ഏറ്റവും സ്ഥിരതയുള്ള താരങ്ങളിൽ ഒരാളാണ് സുരേഷ് റെയ്ന. റെയ്നയെ വാങ്ങാത്തത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ടീം സംയോജനം ഫോമുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. റെയ്ന ടീമിൽ ശരിയാവില്ലെന്ന് തോന്നാനുള്ള പല കാരണങ്ങളിൽ ഒന്നാണ് ഇത്. ഞങ്ങൾ റെയ്നയെയും ഫാഫ് ഡുപ്ലെസിയെയും മിസ് ചെയ്യും. അവരൊക്കെ കഴിഞ്ഞ പതിറ്റാണ്ടിൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.”- കാശി വിശ്വനാഥൻ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.