
പൂജ ചെയ്തിട്ടും നിധിയും സാമ്പത്തികാഭിവൃദ്ധിയും ലഭിക്കാത്തതില്‍ ക്ഷോഭിച്ച് പൂജാരിയെ തടഞ്ഞുവെച്ചയാള്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി തറയിട്ടാല്‍ സ്വദേശി കളത്തിങ്ങല്‍ ജാഫര്‍ അലിയാണ് പൊലീസ് പിടിയിലായത്.
ഒമ്പത് മാസം മുമ്പ് തമിഴ്നാട് എടപ്പാടി സ്വദേശിയായ പൂജാരിയെ ജാഫര്‍ അലി വീട്ടിലേക്ക് വിളിച്ചുവരുത്തി പൂജ നടത്തുകയായിരുന്നു. വീട്ടിലും പോത്ത് ഫാമിലും വെച്ചാണ് പൂജ നടത്തിയത്. പൂജ കഴിയുന്നതോടെ മണ്ണിനടിയില്‍ നിന്ന് നിധി ലഭിക്കുമെന്ന് പൂജാരി പറഞ്ഞിരുന്നു. പൂജാരിക്ക് പൂജക്കും മറ്റുമായി ലക്ഷങ്ങള്‍ ജാഫര്‍ അലി നല്‍കുകയും ചെയ്തു.
പിന്നീട് നിധി ലഭിക്കാതായതോടെ ജാഫര്‍ അലി പ്രകോപിതനാവുകയായിരുന്നു. വീണ്ടും പൂജയ്ക്ക് എത്തിയ പൂജാരിയെ ജാഫര്‍ അലി വീട്ടില്‍ തടഞ്ഞുവെച്ചു. പൂജാരിയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് എത്തി പൂജാരിയെ മോചിപ്പിക്കുകയായിരുന്നു. കരിപ്പൂര്‍ പൊലീസാണ് ജാഫര്‍ അലിയെ അറസ്റ്റ് ചെയ്തത്.