
കൽപ്പറ്റ : വയനാട്ടിൽ കുറച്ചുമുൻപ് കാട്ടിൽ നിന്ന് നാട്ടിലിറങ്ങി നാടൊട്ടാകെ ഭീതി പരത്തിയ വീരൻ കടുവ ഒടുവിൽ പിടിയിലായി. മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവയെ വനംവകുപ്പ് കൂട്ടിലാക്കി. കുപ്പമുടി എസ്റ്റേറ്റ് പൊൻമുടി കോട്ടയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു. ഈ സമയത്തിനിടയിൽ നിരവധി വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നൊടുക്കിയത്. ശല്യവും ഭീതിയും ഒരുമിച്ച് നാട്ടുകാരുടെ ക്ഷമ കെടുത്തി. കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ കൂട് സ്ഥാപിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല. നാട്ടുകാർ വളരെ ശക്തമായി രംഗത്തിറങ്ങി പ്രതിഷേധം തുടങ്ങി. പ്രതിഷേധം വർധിച്ചതോടെ മേഖലയിൽ ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളുമടക്കം സ്ഥാപിച്ചു. കുപ്പമുടി എസ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് ഒടുവിൽ കടുവ കെണിയിൽ വീണത്.