
സ്ത്രീകളുടെ ജോലി പരിധികളില്ലാത്തതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ.
സമയം, കാലം, പ്രായം എന്നിങ്ങനെ പരിധികളില്ലാത്തതാണ് സ്ത്രീകളുടെ ജോലിയെന്ന് സമൂഹത്തോട് പ്രഖ്യാപിക്കുകയാണ് സംസ്ഥാനത്തെ പത്ത് വനിതാ ജില്ലാ കലക്ടർമാരെന്ന് തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു.
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി തൃശൂർ ഫയർ ആന്റ് റെസ്ക്യൂ സർവീസസിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കലക്ടർ.
ജില്ലയിലെ വനിതാ ഹോം ഗാർഡുമാരും വനിത സിവിൽ ഡിഫൻസ് വളണ്ടിയർമാരും ചേർന്ന് ദുരന്ത മേഖലയിലെ രക്ഷാ പ്രവർത്തനം, പ്രഥമ ശുശ്രൂഷ എന്നീ തലങ്ങളിലെ മോക്ക് ഡ്രിൽ നടത്തി.
സാമൂഹ്യ സേവന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വനിതകളെ കലക്ടർ ആദരിച്ചു.
തൃശൂർ ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ അധ്യക്ഷത വഹിച്ചു. ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.