
സ്വവർഗാനുരാഗികളായ ഫാത്തിമ നൂറക്കും ആദിലക്കും ഒന്നിച്ചുജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി.
പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിനിയായ ആദില നസ്രിൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ നൂറയെ 22 വയസ്സുകാരിയായ ആദിലയ്ക്കൊപ്പം പോകാനും കോടതി അനുവദിച്ചു.
തന്റെ പങ്കാളിയായ ഫാത്തിമയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഇന്നു രാവിലെയാണ് ആദില കോടതിയിൽ ഹർജി നൽകിയത്.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ വിലക്കില്ലെന്നു ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ചേംബറില്‍വച്ചു യുവതികളുമായി സംസാരിച്ച കോടതി ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു. സുപ്രീംകോടതി വിധി പ്രകാരം തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ടെന്നും കോടതിയും പോലീസും തങ്ങൾക്കൊപ്പം നിൽക്കണമെന്നും ആദില ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ആലുവയിലുള്ള ആദിലയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചത്. ഇവിടെനിന്നാണ് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ഫാത്തിമ്മയെ കടത്തിക്കൊണ്ടുപോയത്.
സ്വവർഗാനുരാഗികളായ തങ്ങളെ ഒരുമിച്ച് ജീവിക്കാൻ വീട്ടുകാർ അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസമാണ് ആദില മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്.
സൗദിയിലെ സ്കൂളിൽ പ്ലസ് വൺ പഠനത്തിനിടെയാണ് ആദിലയും നൂറയും സൗഹൃദത്തിലാകുന്നത്. ആദ്യം സൗഹൃദം, പിന്നീട് രണ്ട് പേരും ലസ്ബിയനാണെന്ന് തിരിച്ചറിഞ്ഞതോടെ അത് പ്രണയമായി വളര്‍ന്നു. ഒരുമിച്ച് ജീവിക്കണമെന്നല്ലാതെ കൂടുതലൊന്നും അന്ന് ഇരുവർക്കും അറിയില്ലായിരുന്നു. ആലുവ സ്വദേശിയായ ആദിലയുടേയും കോഴിക്കോട് സ്വദേശിയായ നൂറയുടേയും രക്ഷിതാക്കളും സുഹൃത്തുക്കളായിരുന്നു. അതിനാല്‍ പ്ലസ്ടു കഴിഞ്ഞ് രണ്ട് പേരേയും ഒരുമിച്ച് കോഴിക്കോട്ടെ ഒരു കോളേജില്‍ വിട്ട് പഠിപ്പിക്കാനും തീരുമാനിച്ചു. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കി ഒരുമിച്ച് ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടേയും തീരുമാനം. പക്ഷെ അതത്ര എളുപ്പമല്ലെന്ന് ആദില പറയുന്നു.
സ്വവർഗാനുരാഗം വീട്ടിൽ അറിഞ്ഞതോടെ പലതവണ രക്ഷിതാക്കളും ബന്ധുക്കളും വിലക്കി. ഒടുവിൽ ഒന്നിച്ച് ജീവിക്കാൻ ഇറങ്ങിയപ്പോൾ വീട്ടുകാർ ബലംപ്രയോഗിച്ച് വേർപെടുത്തി. തുടർന്നാണ് ആദില പരാതിയുമായി പോലീസിനെയും കോടതിയേയും സമീപിച്ചത്.
സ്വവര്‍ഗാനുരാഗം മാനസിക രോഗമാണെന്നും മതവിശ്വാസത്തിന് നിരക്കാത്തതാണെന്നും വീട്ടുകാര്‍ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കണമെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്. ഒടുവില്‍ ഇനി ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും ഈ മാസം 19ന് വീടുവിട്ടിറങ്ങി. കോഴിക്കോട് തന്നെയുള്ള സ്വവര്‍ഗാനുരാഗികളുടെ ഷെല്‍ട്ടര്‍ ഹോമിലാണ് അഭയം തേടിയത്. പിന്നീട് രണ്ട് പേര്‍ക്കും ഒരുമിച്ച് ജീവിക്കാനുള്ള പിന്തുണ നല്‍കാമെന്ന ഉറപ്പില്‍ വീട്ടുകാര്‍ എത്തി രണ്ട് പേരേയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവിടെ വെച്ച് തന്നെ വീട്ടുകാര്‍ ഉപദ്രവിച്ചെന്നും ആദില പറയുന്നു.