![](https://i0.wp.com/malluchronicle.com/wp-content/uploads/2022/07/rahul-gandhi-1.jpg?resize=650%2C357&ssl=1)
രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും. രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. എസ്എഫ്ഐ പ്രവർത്തകർ തൻ്റെ ഓഫീസ് തകർത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് രാഹുൽ മണ്ഡലത്തിൽ എത്തുന്നത്.
കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും.
ത്രിദിന സന്ദർശനത്തിനിടെ മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകനയോഗത്തിലും അദ്ദേഹം പങ്കെടുക്കും.
വൈകിട്ട് നാല് മണിക്ക് ബഫർസോൺ ഉത്തരവിൽ പ്രതിഷേധിച്ച് ബത്തേരി ഗാന്ധി സ്ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തോടെ ആദ്യ ദിവസത്തെ പരിപടികൾ അവസാനിക്കും. ഞായറാഴ്ച കോഴിക്കോട്ട് നിന്ന് ഡൽഹിയിലേക്ക് മടങ്ങും.
അതേസമയം എകെജി സെൻ്ററിൽ ഉണ്ടായ അക്രമ സംഭവത്തിന് പിന്നാലെ പൊലീസ് കനത്ത ജാഗ്രതയിലാണ്. മുൻ കോൺഗ്രസ് അധ്യക്ഷൻ്റെ സന്ദർശനവേളയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷ ശക്തമാക്കി.