![](https://i0.wp.com/malluchronicle.com/wp-content/uploads/2022/04/pjimage-2022-04-12t110746-692_710x400xt.jpg?resize=650%2C366&ssl=1)
പാലക്കാട്: പാലക്കാട് അട്ടപ്പാടി താവളത്ത് റോഡ് പണിക്കെത്തിയ തൊഴിലാളികളെ കോഴിക്കോട് നല്ലളം സിഐ മർദ്ദിച്ചതായി പരാതി.റോഡിൽ നിൽക്കുകയായിരുന്ന തങ്ങളെ സിഐ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
കാറിലെത്തിയ സിഐ വാഹനം നിർത്തി രാത്രി റോഡിൽ നിൽക്കുന്നതെന്തിനാണെന്ന് ഇവരോട് ചോദിച്ചു. തങ്ങൾ റോഡിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി വന്നതാണെന്ന് ഇവർ മറുപടി നൽകി. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത ഇയാൾ കയർക്കുകയും അലക്സിനെ മർദ്ദിക്കുകയും മരതകത്തിന്റെ മുഖത്തും അടിക്കുകയും ചെയ്യുകയായിരുന്നു
കൃഷ്ണഗിരി സ്വദേശിയായ മരതകം,തൊടുപുഴ സ്വദേശിയായ അലക്സ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരുടേയും പരാതിയിൽ കോഴിക്കോട് നല്ലളം സി ഐ കൃഷ്ണനെതിരെ അഗളി പൊലീസ് കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നാണ് പരാതിക്കാർ പറയുന്നത്.
സിഐ മദ്യലഹരിയിലായിരുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും സി ഐ കൃഷ്ണനെ വിളിച്ച് വരുത്തി വിവരങ്ങൾ തിരക്കിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും അഗളി പൊലീസ് അറിയിച്ചിട്ടുണ്ട്