![](https://i0.wp.com/malluchronicle.com/wp-content/uploads/2021/11/image_search_1637134953633-1.jpg?resize=650%2C361&ssl=1)
മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് ചോദ്യംചെയ്ത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സഞ്ജുവിന് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സെലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ പ്രകടനം ചൂണ്ടിക്കാട്ടി അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.
ട്വന്റി 20 പരമ്പരയിൽ ന്യൂസീലന്‍ഡിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്‍ 2021 സീസണിലെ മികച്ച പ്രകടനം കണക്കിലെടുത്ത് സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, താരം പരിഗണിക്കപ്പെട്ടില്ല.
രാഹുല്‍ ദ്രാവിഡ് മുഴുവന്‍ സമയ പരിശീലകനായി എത്തുന്ന ആദ്യ പരമ്പര കൂടിയായതിനാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. ഐപിഎല്ലില്‍ തിളങ്ങിയ റുതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന് എന്നിവര്‍ക്ക് ടീമിലേക്ക് വിളിയെത്തിയപ്പോള്‍ മലയാളി താരം പുറത്തായി.