
മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം 18നകം ചോദ്യം ചെയ്യലിന് ഹാജരാകണം. കോഴിക്കോട് നടക്കാവ് പൊലീസാണ് നോട്ടീസ് നൽകിയത്. അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക നല്കിയ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റിനോട് അപമര്യാദയായി പെരുമാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റി. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും തോളില്‍ കൈ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റി.
എന്നാൽ മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പിന്നീട് രംഗത്തെത്തിയിരുന്നു. ആ കുട്ടിക്ക് റോങ് ടെച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. എന്നാൽ പിന്നീട് മാധ്യമപ്രവർത്തകരെ ഒന്നാകെ പരിഹസിച്ച് സുരേഷ് ഗോപി രംഗത്തെത്തി. പ്രതികരണം തേടാൻ നിന്ന മാധ്യമ പ്രവർത്തകരോട് നോ ബോഡി ടച്ചിങ്ങ് പ്ലീസ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അകലം പാലിച്ചു നിൽക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു.