ചാവക്കാട്: തെക്കഞ്ചേരിയിൽ വീട് കുത്തി തുറന്നു മോഷണം നടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാളെ ഓടിച്ചിട്ട് പിടികൂടി.
ചാവക്കാട് തെക്കഞ്ചേരിയിലെ അറക്കൽ വീട്ടിൽ ഉമ്മറിന്റെ മകൻ കബീറിന്റെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്.
പുലർച്ചെ വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്നു കിടപ്പു മുറിയിലെ അലമാര തുറന്നു മോഷണം നടത്തുന്നതിനിടെ ശബ്ദം കേട്ടുണർന്ന വീട്ടുകാർ ബഹളം ഉണ്ടാക്കുകയായിരുന്നു.
തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാക്കളിൽ ഒരാളെ വീട്ടിലുണ്ടായിരുന്ന യുവാക്കൾ ഓടിച്ചിട്ട് പിടി കൂടുകയായിരുന്നു.
മുട്ടിപ്പാലത്തിനടുത്തു വെച്ചാണ് ഇയാളെ പിടികൂടിയത്. ഓടി മറഞ്ഞ മറ്റൊരു മോഷ്ടാവിനായി നാട്ടുകാർ പരിസരം മൊത്തം അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല.
തമിഴ്നാട് തെങ്കാഷി അയ്യപ്പൻ മകൻ സേതു(34)വാണ് പിടിയിലായത്.വിവരമറിഞ്ഞെത്തിയ ചാവക്കാട് പോലീസ് പ്രതിയെ കൊണ്ട് പോയി.