
കോഴിക്കോട്: എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാർക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു.
ചുവപ്പ് ഷര്‍ട്ടില്‍ തൊപ്പിവെച്ച വ്യക്തിയുടെ രേഖാചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. ദൃക്‌സാക്ഷികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖചിത്രം തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം എലത്തൂരിൽ നിന്ന് കണ്ടെത്തിയ ബാഗിലെ ഫോൺ ഡൽഹി സ്വദേശിയുടേതെന്ന് സൂചന. മാർച്ച് 31ന് സ്വിച്ച് ഓഫ് ചെയ്ത ഫോൺ ആണ് കണ്ടെത്തിയിരിക്കുന്നത്. ഫോൺ ഫോറെൻസിക് സംഘം പരിശോധിക്കുകയാണ്.
സിസിടിവിയിൽ ചുവന്ന ഷർട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട്.
ഏകദേശം രണ്ട് മണിക്കൂർ വ്യത്യാസമാണ് ഉള്ളത്.
ഈ രണ്ട് മണിക്കൂർ ഈ വ്യക്തി എവിടെയായിരുന്നു എന്നാണ് അന്വേഷിക്കുന്നത്. ചുവന്ന ഷർട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്നായിരുന്നു പ്രാഥമിക വിവരം.
ഇത് സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ബാഗും മൊബൈൽ ഫോണും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ട്രെയിനിലെ ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതി പുറത്തിറങ്ങി ഫോൺ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അൽപസമയത്തിനകം തന്നെ ഒരു ബൈക്ക് സ്ഥലത്തെത്തുകയും പ്രതി ബൈക്കിൽ കയറി രക്ഷപെടുകയുമാണ് ചെയ്തതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്.
അതേസമയം, സംഭവം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുകയാണെന്ന് പൊലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും.
പ്രതിയെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാനാകും. സംഭവ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കാണും. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച ചെയ്ത് തീരുമാനിക്കും.
പ്രതിയിലേക്കെത്താൻ കഴിയുന്ന നിർണായ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. സമഗ്രമായ അന്വേഷണമുണ്ടാകും. ഡിജിപി ഇന്ന് തന്നെ കണ്ണൂരിലെത്തും.