
കോട്ടക്കൽ : മൊബൈൽഫോണിന്റെ ഡിസ്‌പ്ലേ നന്നാക്കി നൽകാത്തതിന് റിപ്പയർ കടക്കാരൻ വിദ്യാർഥിക്ക് 9200 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മലപ്പുറം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.
ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയും കോട്ടയ്ക്കൽ പറപ്പൂർ സ്വദേശിയുമായ പി.കെ. റഹീസ് ആണ് പരാതിക്കാരൻ.
റഹീസ് തന്റെ ഡിസ്പ്ലേ തകരാറിലായ തകരാറിലായ മൊബൈൽഫോൺ റിപ്പയർചെയ്യാനായി തിരൂരിലെ ഒരു ഷോപ്പിൽ ഏല്പിച്ചിരുന്നു. തുടർന്ന് ഫോൺ നന്നാക്കി തിരിച്ചുതരുമ്പോൾ ഡിസ്‌പ്ലേ മാറ്റിയതിന് കടക്കാരൻ 2200 രൂപ ഈടാക്കി.
പുതിയ ഡിസ്‌പ്ലേയ്ക്ക് വാറന്റിയുണ്ടെന്ന് പറഞ്ഞിരുന്നതായും റഹീസ് പരാതിയിൽ പറഞ്ഞു. എന്നാൽ മാറ്റിയശേഷവും ഫോണിന്റെ ഡിസ്‌പ്ലേ ശരിയാകാത്തതിനാൽ വീണ്ടും അത് ശരിയാക്കുന്നതിൽ നിന്നും കടക്കാരൻ ഒഴിഞ്ഞു മാറി.
തുടർന്നാണ് റഹീസ് പരാതിയുമായി ഉപഭോക്തൃതർക്ക പരിഹാരക്കമ്മിഷനെ സമീപിച്ചത്.