
സ്കൂട്ടർ എന്ന തന്റെ സ്വപ്‍നം സാക്ഷാത്കരിക്കാൻ ഒരു യുവാവ് നാണയങ്ങൾ സൂക്ഷിച്ച് കാത്തിരുന്നത് അര പതിറ്റാണ്ടിലേറെക്കാലം. അഞ്ചോ ആറോ വർഷം കൊണ്ട് 90,000 രൂപ നാണയങ്ങളാണ് അസം സ്വദേശിയായ മുഹമ്മദ് സെയ്ദുൽ ഹക്ക് എന്ന യുവാവ് ശേഖരിച്ചത്.
തന്റെ സ്വപ്‍നം സാക്ഷാത്കരിക്കാൻ ഒരു ഇരുചക്രവാഹന ഷോറൂമിലേക്ക് നാണയങ്ങളുടെ ഒരു ബാഗുമായ ഹക്കിന്‍റെ ദൃശ്യങ്ങള്‍ വൈറലാണ്.
ഈ ആഴ്ച ആദ്യം, അസമിലെ ഹോണ്ട റോയൽ റൈഡേഴ്‌സ് ഷോറൂമിൽ സ്‌കൂട്ടർ വാങ്ങാൻ ഒരു ചാക്ക് നിറയെ നാണയങ്ങൾ തോളിൽ ചുമന്നെത്തിയ മുഹമ്മദ് സെയ്ദുൽ ഹോക്കിന്റെ വീഡിയോയാണ് ഇതിനോടകം വൈറലായത്.
“ഞാൻ ബോറഗാവ് ഏരിയയിൽ ഒരു ചെറിയ കട നടത്തുകയാണ്, ഒരു സ്‍കൂട്ടർ വാങ്ങുക എന്നത് എന്റെ സ്വപ്നമായിരുന്നു. അഞ്ചാറ് വർഷം മുമ്പാണ് ഞാൻ നാണയങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. ഒടുവിൽ, ഞാൻ എന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഞാൻ ഇപ്പോൾ ശരിക്കും സന്തോഷവാനാണ്, ”മുഹമ്മദ് സെയ്ദുൽ ഹക്ക് പറഞ്ഞു.
ഇദ്ദേഹത്തിന് വാഹനം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന് ആശംസകൾ നേരുന്നതായും ഷോറൂം ഉടമ പറഞ്ഞു. ഏകദേശം 90,000 രൂപയുടെ നാണയങ്ങളുമായി ഒരു സ്കൂട്ടർ വാങ്ങാൻ ഞങ്ങളുടെ ഷോറൂമിൽ ഒരു ഉപഭോക്താവ് വന്നിട്ടുണ്ടെന്ന് എന്റെ എക്സിക്യൂട്ടീവ് എന്നോട് പറഞ്ഞപ്പോൾ, തനിക്ക് സന്തോഷം തോന്നിയെന്നും ഡീലര്‍ പറഞ്ഞു.
ചില്ലറ നാണയങ്ങൾ നൽകിയതിൽ ഖേദം പ്രകടിപ്പിക്കാതെ എല്ലാ നാണയങ്ങളും ഷോറൂം ജീവനക്കാർ എണ്ണി തിട്ടപ്പെടുത്തി. തുടർന്ന് അസമിൽ നിന്നുള്ളയാളെ വാഹനം വാങ്ങാൻ അനുവദിച്ചു.
യുവാവിന് വൻ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. “ഭൂരിപക്ഷവും വ്യക്തിഗത വായ്‍പയിൽ ആഡംബര വസ്‍തുക്കൾ വാങ്ങുന്ന ഒരു ലോകത്ത്, തന്റെ സ്വപ്‍നം സാക്ഷാത്കരിക്കാൻ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുകയും ലാഭിക്കുകയും ചെയ്‍ത ഒരു വ്യക്തിയാണ് നിങ്ങള്‍” ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. വരും വർഷങ്ങളിൽ, നിങ്ങൾക്ക് ഒരു ഫോര്‍ വീലറിനുള്ള ചെക്കിൽ ഒപ്പിടാൻ കഴിയട്ടെയെന്ന് മറ്റൊരാള്‍ ആശംസിച്ചു.