
തിരുവനന്തപുരം : വിദ്യാർത്ഥികളില്ലാതെ ഒഴിഞ്ഞുകിടന്ന് കേരളത്തിലെ സർവകലാശാലകൾ.
കേരളത്തിലെ വിവിധ സർവകലാശാലകളിലായി മൂവായിരത്തോളം ബിരുദ സീറ്റുകളാണ് വിദ്യാർത്ഥികളില്ലാതെ ഒഴിഞ്ഞ് കിടക്കുന്നത്.
നാക് അക്രഡിറ്റേഷൻ എ പ്ലസ്പ്ലസ് യോഗ്യത ലഭിച്ച കേരള സർവകലാശാലയിലടക്കം അഡ്മിഷൻ നടപടികൾ പൂർത്തിയാകുമ്പോൾ ധാരാളം സീറ്റുകളാണ് കാലിയായി കിടക്കുന്നത്. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ 14 ഗവൺമെൻറ് കോളേജുകളിൽ 192 സീറ്റുകളും, 39 എയ്ഡഡ് കോളേജുകളിലായി 2,446 സീറ്റുകളും വെറുതെ കിടക്കുകയാണ്.
യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന 34 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലും 60 സ്വാശ്രയ കോളേജുകളിലുമായി 50 % ത്തോളം സീറ്റുകളും അപേക്ഷകരില്ലാതെ കിടക്കുന്നു.
മുൻ വർഷങ്ങളിൽ മൂന്ന് അലോട്ട്മെന്റും ഒരു സ്പോട്ട് അഡ്മിഷനും നടത്തിക്കഴിയുമ്പോൾ പ്രവേശനം അവസിപ്പിച്ചിരുന്നിടത്ത് ഇപ്പോൾ നാല് അലോട്ട്മെൻറ്കളും രണ്ട് സ്പോട്ട് അഡ്മിഷനുകളും നടത്തിയ ശേഷവും കുട്ടികൾ എത്തുന്നില്ല. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതൽ സീറ്റ് ഒഴിവുള്ളത്. ഉന്നതം മാർക്ക് ലഭിച്ച വിദ്യാർത്ഥികൾ കേരളവും ഇന്ത്യയും വിട്ട് മറുതീരങ്ങൾ തേടി പോകുന്നതും കുറഞ്ഞ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾ ശാസ്ത്ര വിഷയങ്ങൾ തിരഞ്ഞെടുക്കാൻ മടിക്കുന്നതുമാണ് ഇതിനൊരു പ്രധാന കാരണമായി പറയുന്നത്.
വിദേശ സർവകലാശാലകളിലേക്ക് നമ്മുടെ നാട്ടിൽ നിന്നും വലിയ രീതിയിൽ കുട്ടികളുടെ ഒഴുക്ക് ഉണ്ടാകുന്നുണ്ട്. ഇത് നമ്മുടെ നാടിന്റെ വിദ്യാഭ്യാസ വികാസത്തിന് മങ്ങലേൽപ്പിക്കുന്നുണ്ട്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ബന്ധപ്പെട്ടവരും ഗവർണർക്കും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.