![](https://i0.wp.com/malluchronicle.com/wp-content/uploads/2022/08/reduced_68004-cpim-office-attack28129.jpg?resize=650%2C390&ssl=1)
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ പിടിയിൽ. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
സംഭവത്തില്‍ ആറ് പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇവരെ തിരിച്ചറിഞ്ഞിരുന്നു. വഞ്ചിയൂരില്‍ സംഘര്‍ഷമുണ്ടാക്കിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചിയൂരിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ ഇവര്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങി സിപിഐഎം ഓഫീസിന് കല്ലെറിയുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.
ആശുപത്രിയില്‍ നിന്ന് പ്രതികള്‍ പുറത്തുപോകുന്നതിന്റെയും തിരികെയെത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. ഇന്നലെ പുലര്‍ച്ചെയാണ് സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്. മൂന്നു ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിനും കേടുപാടുണ്ടായി.