![](https://i0.wp.com/malluchronicle.com/wp-content/uploads/2022/04/reduced_43023216471_44d15a1bb8_b.jpg?resize=650%2C488&ssl=1)
തൃശൂർ: ബസ് തകരാറിലായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി തിരുവനന്തപുരം-ബെംഗളൂരു സ്കാനിയ ബസിലെ യാത്രക്കാർ തൃശൂരിൽ കുടുങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് ഇന്നലെ രാത്രി മുതൽ തൃശൂരിൽ കുടുങ്ങിയത്.
വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിലെത്തേണ്ട ബസ് ഒടുവിൽ തൃശൂരിൽ നിന്ന് പുറപ്പെടുന്നത് രാവിലെ മാത്രമാണ്. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ അധികൃതർ സ്കാനിയക്ക് പകരം എസി ലോഫ്ളോർ ബസിൽ യാത്രക്കാരെ കയറ്റിവിടുകയായിരുന്നു.
ബസ് തൃശൂരിലെത്തിയപ്പോൾ എ.സി തകരാറിലായതാണ് യാത്ര മുടങ്ങാൻ കാരണമായത്. യാത്ര തുടരാൻ പുതിയ സ്കാനിയ ബസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമേയുള്ളു എന്നായിരുന്നു അധികൃതരുടെ മറുപടി. പുലർച്ചെ മൂന്നരയായതിനാൽ ഇവിടങ്ങളിൽ നിന്ന് മറ്റൊരു ബസ് എത്തിക്കാനാവില്ലെന്നും ഇവർ യാത്രക്കാരോട് പറഞ്ഞു. തുടർന്ന് രാവിലെ ആറ് മണിവരെ യാത്രക്കാർ തൃശൂരിൽ തുടരേണ്ടിവന്നു.
തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് ഒരു എ.സി ലോഫ്ളോർ ബസിൽ ഇവരെ കോഴിക്കോടേക്ക് അയക്കുകയായിരുന്നു. കോഴിക്കോട് എത്തിയ ശേഷം സ്കാനിയ ബസിൽ ബെംഗളൂരുവിലേക്ക് പോകാമെന്നാണ് നിലവിൽ കെ.എസ്.ആർ.ടി.സി പറയുന്നത്.
വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിലെത്തേണ്ട ബസ് ശനിയാഴ്ചയും ബെംഗളൂരിവിലെത്തുമോ എന്ന് സംശയമാണെന്നാണ് യാത്രക്കാർ പറയുന്നത്. ബസിൽ മുഴുവൻ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. അത്യാവശ്യക്കാരായ ചില യാത്രക്കാർ പ്രൈവറ്റ് ബസുകളിൽ ബെംഗളൂരുവിലേക്ക് പോയി.