![](https://i0.wp.com/malluchronicle.com/wp-content/uploads/2022/04/IMG_20220422_102957.jpg?resize=650%2C375&ssl=1)
പറവൂര്‍: കുറേനാളത്തെ ആഗ്രഹത്തിന് പരിസമാപ്തി കുറിച്ച് അമ്മയും മകനും കശ്മീരിലെ മഞ്ഞുമല കാണാന്‍ ലഡാക്കിലേക്ക് ബൈക്കില്‍ യാത്ര പുറപ്പെട്ടു.
അമ്പതുകാരിയായ സിന്ധുവും 26കാരനായ മകന് ഗോപകുമാറുമാണ് കഴിഞ്ഞ ദിവസം ഹിമാലയന്‍ ബൈക്കില്‍ ലഡാക്കിലേക്ക് സാഹസിക യാത്രതിരിച്ചത് .
മഹാരാജാസ് കോളജിലെ കാന്റീന് ജീവനക്കാരിയാണ് സിന്ധു.സിന്ധു യാത്രക്കായി ഒരുവര്‍ഷം മുമ്പ് തന്നെ ബൈക്ക് ഓടിക്കാന്‍ പഠിച്ചുതുടങ്ങിയിട്ടുണ്ട് . എടവനക്കാടുള്ള ഒരു കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ് ഗോപകുമാര്‍. ഗോവ, പുണെ, മഹാരാഷ്ട്ര, ജയ്പൂര്‍, ശ്രീനഗര്‍, ലഡാക്ക് വഴിയാണ് യാത്ര. ലഡാക്കിലെത്താന്‍ പന്ത്രണ്ട് ദിവസത്തോളമെടുക്കും. യാത്ര സുഖകരമാണെങ്കില്‍ ബൈക്കില്‍ തന്നെ മടങ്ങും.
ഇല്ലെങ്കില്‍ ട്രെയിനിലാവും തിരിച്ചുവരിക. സിന്ധുവിന്റെ ഭര്‍ത്താവ് കുട്ടന് ഡ്രൈവറായിരുന്നു. അപകടത്തില്‍പ്പെട്ട് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നു. ഇപ്പോള്‍ മുച്ചക്രവാഹനത്തില്‍ ലോട്ടറി വില്പനയുണ്ട്. വിവാഹിതയായ മകളുണ്ട്. വ്യാഴാഴ്ച രാവിലെ എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂനിയന്‍ സെക്രട്ടറി ഹരി വിജയന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.