Site icon MalluChronicle

ആംബുലൻസ് മറിഞ്ഞ് മരണം; ഡ്രൈവർ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്.

പാലക്കാട്: പറമ്പിക്കുളത്ത് 108 ആംബുലന്‍സ് മറിഞ്ഞ് മെഡിക്കല്‍ ടെക്നീഷ്യന്‍ മരിക്കുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതില്‍ ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്.

എറണാകുളത്തെ കെമിക്കല്‍ ലാബിലെ പരിശോധന ഫലത്തിലാണ് ഡ്രൈവര്‍ നെല്ലിയാമ്പതി സ്വദേശി ജഗദീഷ് കൂടിയ അളവില്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞത്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകും.

ഒക്ടോബര്‍ ഇരുപതിനായിരുന്നു അപകടം. മുതലമടയിലെ എഫ്എല്‍ടിസിയില്‍ നിന്ന് രോഗികളുമായി പറമ്പിക്കുളത്തേക്ക് പോകുന്നതിനിടയിലായിരുന്നു ആംബുലന്‍സ് മറിഞ്ഞത്.

പാലക്കാട് ജില്ലാ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് വടക്കഞ്ചേരി സ്വദേശി മെല്‍വിന്‍ ജോര്‍ജ് അപകടത്തില്‍ മരിച്ചു. ഡ്രൈവര്‍ ജഗദീഷ് ഉള്‍പ്പെടെ നാലുപേര്‍ക്ക് സാരമായി പരുക്കേറ്റു.

ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് ആരോഗ്യപ്രവര്‍ത്തകരും പൊലീസും ഡ്രൈവറുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു.

തുടര്‍ന്ന് എറണാകുളത്തെ കെമിക്കല്‍ ലാബില്‍ രക്ത സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. കൂടിയ അളവില്‍ മദ്യപിച്ചിരുന്നുവെന്നാണ് ഫലം തെളിയിക്കുന്നത്.

പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഉള്‍പ്പെടെ പൊലീസ് കേസെടുത്തേക്കും.

ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ ഇടപെടലുണ്ടാകണമെന്നാണ് നഴ്സിങ് ജീവനക്കാരുടെ ആവശ്യം.

Exit mobile version