രതിവൈകൃതങ്ങൾ എന്ന വിഭാഗത്തിൽ പെടുന്ന ചില രോഗാവസ്ഥകൾ ഉണ്ട് എന്ന് നമ്മളിൽ പലരും കേട്ടിരിക്കാം. എന്നാൽ കുട്ടികളോട് തോന്നുന്ന ലൈംഗികാസക്തിയും അത്തരത്തിലുള്ള പ്രവർത്തികളും ഒരു മാനസിക രോഗമായി കണക്കാക്കപ്പെടുന്നു എന്ന വാസ്തവം നമ്മളിൽ പലർക്കും അറിവുണ്ടാകില്ല. \”പീഡോഫീലിയ\” എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗാവസ്ഥയെപ്പറ്റി വളരെ ലളിതമായി പറയുകയാണെങ്കിൽ \”പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു കുട്ടിയോട് അതായതു പ്രായപൂർത്തിയാകാത്ത ഒരാളോട് തോന്നുന്ന അതിയായ ലൈംഗിക താല്പര്യമാണ് പീഡോഫീലിയ \”.
മുതിർന്ന ഒരു വ്യക്തിക്ക് പതിമൂന്നോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളോട് ആവർത്തിച്ച് അനുഭവപ്പെടുന്ന അതിതീവ്രമായ ലൈംഗികാകർഷണം, അനുബന്ധ താല്പര്യങ്ങൾ, ചിന്തകൾ എല്ലാം തന്നെ പീഡോഫിലിയ എന്ന അവസ്ഥയിൽ നമുക്ക് കാണാൻ കഴിയുന്നതാണ്. എന്നാൽ ഇതിനെ ഒരു മാനസിക രോഗം എന്ന നിലയിൽ കണക്കാക്കപ്പെടണം എങ്കിൽ അതിനു ചില നിബന്ധനകൾ ഉള്ളതായി മാനസിക രോഗങ്ങളുടെ ക്ലാസ്സിഫിക്കേഷൻസ് ആയ _ഐ. സി. ഡി. 10, ഡി. എസ്. എം ഫോർ_ എന്നിവ പറയുന്നു. ഒരു പ്രായപൂർത്തിയായ വ്യക്തിക്ക് എതിർലിംഗത്തിൽ പെട്ട മുതിർന്ന ഒരു വ്യക്തിയോട് തോന്നുന്ന വികാരത്തോടൊപ്പമോ അതിൽ കൂടുതലോ ആയി ലൈംഗിക വികാരങ്ങൾ കുട്ടികളോട് തോന്നുകയും ഈ ചിന്ത അയാളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ജീവിത സാഹചര്യത്തെ മോശമായി ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണയാണെങ്കിൽ മാത്രമാണ് പീഡോഫിലിയ എന്ന രോഗനിർണ്ണയം നടത്താൻ കഴിയുക.
ഇത്തരത്തിലുള്ള വൈകൃതങ്ങൾ നിർണയിക്കപ്പെടുന്നത് പൊതുവെ 16 വയസിനു മുകളിൽ പ്രായമുള്ള വ്യക്തികളിലാണ്. എന്നാൽ തങ്ങളേക്കാൾ അഞ്ചോ ആറോ വയസിൽ താഴെ പ്രായമുള്ള കുട്ടികളോട് ലൈംഗിക താല്പര്യം കാണിക്കുന്ന കൗമാരപ്രായക്കാരിൽ ഇത് \”പീഡോഫിലിയ\” യുടെ പ്രാരംഭാവസ്ഥ എന്ന നിലയിൽ കണക്കാക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള ചിന്തകൾ ഉണ്ടാവുകയും അതിനെ സ്വയം തരണം ചെയ്യാൻ സാധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട്. അവരെ പീഡോഫിലിക് സ്വഭാവമുള്ളവർ എന്ന് മാത്രമാണ് പറയാൻ കഴിയുക. അതിനെ മാനസിക രോഗം എന്ന നിലയിലേക്ക് മുദ്ര ചാർത്തുക എന്നത് പ്രയാസകരമാണ്.
പീഡോഫീലിയ എന്ന രോഗാവസ്ഥ പലപ്പോഴും മറ്റു മാനസിക രോഗങ്ങളോടൊപ്പം കണ്ടുവരാറുണ്ട് ഉദാഹരണത്തിന് \”ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ \” എന്ന സ്വഭാവ വൈകൃതത്തോടൊപ്പം പീഡോഫിലിയയുടെ ലക്ഷണങ്ങളും പൊതുവെ കണ്ടുവരുന്നു എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഒരു വ്യക്തിയുടെ ബാല്യകാല അനുഭവങ്ങൾ ഇത്തരത്തിലുള്ള രതിവൈകൃതങ്ങളിലേക്കു നയിക്കാം എന്നും പൊതുവെ കണ്ടുവരുന്നു.
രോഗാവസ്ഥ തിരിച്ചറിയാൻ ശ്രമിക്കുക രോഗിക്ക് ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സേവനം ഉറപ്പുവരുത്തുക എന്നതാണ് നമുക്ക് ഇതിൽ ചെയ്യാൻ കഴിയുക. നമ്മുടെ ഓരോരുത്തരുടെയും സമയോചിതമായ ഇടപെടലുകളിലൂടെ ഒരു പക്ഷെ ഒരു രോഗിയും ഒരു കുട്ടിയും ഒരേ സമയം സംരക്ഷിക്കപ്പെട്ടേക്കാം. അതിനാൽ ഈ അറിവ് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനും നമുക്ക് കഴിയട്ടെ.