![](https://i0.wp.com/malluchronicle.com/wp-content/uploads/2022/12/images-2022-12-09T084604.578.jpeg?resize=650%2C366&ssl=1)
കോഴിക്കോട്: അഴിയൂരിൽ ലഹരികടത്തിന് 13 കാരിയെ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി. ലഹരി മാഫിയയുടെ ഇരയായ പെൺകുട്ടിയെ പൊലീസ് കൗൺസിലിങ്ങിന് വിധേയമാക്കും. കുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കിട്ടാൻ കൂടിയാണ് കൗൺസിലിംഗ് നടത്തുന്നത്.
ഇതോടൊപ്പം ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി സിസിടി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
ലഹരി കൈമാറ്റം നടന്നതായി കുട്ടി പറയുന്ന തലശ്ശേരിയിലെ സ്വകാര്യ മാളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തും. ലഹരി സംഘം കെണിയിൽ പെടുത്തിയ 13 കാരിയുടെ സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കണ്ണൂർ റെയിഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിൽ വടകര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. 13 കാരിയെ ലഹരി കടത്തിന് ഉപയോഗിച്ച കേസിൽ ചോമ്പാല പൊലീസിന്റെ അന്വേഷണം പരിപൂർണമല്ലെന്ന പരാതിയുമായി കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ ചിട്ടപ്പെടുത്തിയത്.