പ്രേഷകരെല്ലാവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ. ഉടൻ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ, ചിത്രത്തിന്റെ നിർമ്മാതാക്കളായ ടോളിവുഡ് പ്രൊഡക്ഷൻ ഹൗസ് മൈത്രി മൂവി മേക്കേഴ്സിനെതിരെ ഹൈദരാബാദ് സിറ്റി പോലീസ് കേസെടുത്തിരിക്കുകയാണ്. ഞായറാഴ്ച യൂസുഫ്ഗുഡയിലെ പോലീസ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ നിരവധി നിയമ ലംഘനങ്ങൾ നടത്തിയതിനാണ് കേസ്.
ഏതാനും ദിവസം മുമ്പ് സിനിമയുടെ പ്രൊമോഷന് വേണ്ടി പ്രസ്തുത പരിപാടി സംഘടിപ്പിക്കാൻ നിർമാതാക്കൾ ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിൽ അനുമതിയ്ക്കായി അപേക്ഷിച്ചിരുന്നു. തുടർന്ന് പരമാവധി 5,000 ആളുകൾ പങ്കെടുക്കുന്ന വിധത്തിൽ പരിപാടി സംഘടിപ്പിക്കാൻ ഉദ്യോഗസ്ഥർ നിർമാതാക്കളെ അനുവദിച്ചു. എന്നാൽ പരിപാടി നടക്കുന്ന സമയത്ത് അനുവദനീയമായതിലും കൂടുതൽ ആളുകൾ അവിടെ എത്തിച്ചേരുകയായിരുന്നു. ഇതിനെതിരെ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനുമുൻപ് ചിത്രത്തിന്റെ നിർമ്മാതാക്കൾ ആരാധകർക്കായി ഒരു ഫോട്ടോ സെഷൻ പരിപാടി സംഘടിപ്പിച്ചു. അതിനായി സംഘാടകർക്ക് 200 പേർക്കുള്ള അനുമതിയാണ് ലഭിച്ചത്. എന്നാൽ ഈ പരിപാടിയുടെ വാർത്ത പരന്നതോടെ തിങ്കളാഴ്ച വൈകുന്നേരം രണ്ടായിരത്തിലധികം ആളുകൾ വേദിയിൽ ഒത്തുകൂടി. ഇത്രയധികം ആളുകൾ എത്തിയതോടെ പരിപാടി റദ്ദാക്കേണ്ടി വന്നു. എന്നാൽ, പരിപാടിക്കെത്തിയ ആരാധകർ ഗേറ്റ് തകർത്ത് അകത്ത് കടന്നു. പരിപാടി നടത്താനിരുന്ന എൻ കൺവെൻഷനു സമീപം ജനം തിങ്ങിനിറഞ്ഞു. കൃത്യമായ ആസൂത്രണമില്ലാതെ പരിപാടി സംഘടിപ്പിച്ച സിനിമാ സംഘത്തിനെതിരെ പോലീസ് കേസ് എടുത്തു
“സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണ്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.” മധാപൂർ ഇൻസ്പെക്ടർ പി രവിന്ദ്ര പ്രസാദ് പറഞ്ഞു. പരിപാടി സംഘടിപ്പിച്ച പ്രൊഡക്ഷൻ ഹൗസ് മിത്രി മൂവി മേക്കേഴ്സിനും ഇവന്റ് മാനേജ്മെന്റ് ഏജൻസി ശ്രേയസ് മീഡിയയ്ക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിലീസിന്റെ സമയത്ത് അപ്രതീക്ഷിതമായി പോലീസ് കേസ് ഉണ്ടായത് ചിത്രത്തിന്റെ പ്രൊഡക്ഷൻ ടീമിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്.
പുഷ്പയുടെ റിലീസിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാ ആരാധകർ. ഡിസംബർ 17 ന് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങിയിരിക്കുന്ന പുഷ്പയിൽ ടോളിവുഡ് താരം അല്ലു അർജുനാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ടു ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി വേഷമിടുന്നത്.