തലശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് അശ്ലീല ഭാഷയിൽ സംസാരിച്ചതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഇ.ഡി ജോസഫിനെതിരെ തലശ്ശേരി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പീഡനക്കേസിൽ ഇരയായ പെൺകുട്ടി രഹസ്യമൊഴി നൽകാൻ എത്തിയപ്പോഴാണ് ചെയർമാനിൽ നിന്നും മോശമായ പെരുമാറ്റമുണ്ടായത്
കുടിയാന്മല പൊലീസ് പരിധിയിലെ പീഡനക്കേസിൽ ഇരയായ പെൺ കുട്ടിയോടാണ് ചെയർമാൻ മോശമായി പെരുമാറിയത്. മട്ടന്നൂർ മജിസ്ട്രേറ്റ് മുൻപാകെ 164 വകുപ്പിൽ മൊഴി നൽകുന്നതിനിടയിലാണ് ചെയർമാനിൽ നിന്നും കൗൺസിലിങ്ങിനിടയിൽ അപമര്യാദയായ പെരുമാറ്റം ഉണ്ടായ വിവരം പെൺകുട്ടി പറഞ്ഞത്. സംഭവത്തെപ്പറ്റി പെൺകുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് അന്വേഷിക്കാൻ കുടിയാന്മല പൊലീസിനോട് മട്ടന്നൂർ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.
കുടിയാന്മല പൊലീസ് പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്തു. കൗൺസിലിങ്ങ് നടന്നത് തലശ്ശേരി പൊലീസ് പരിധിയിലെ എരഞ്ഞോളി ആഫ്റ്റർ കെയർ ഹോമിലായതിനാൽ കുടിയാന്മല പൊലീസ് കേസെടുത്ത ശേഷം എഫ്.ഐ.ആർ തലശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഇ.ഡി ജോസഫിനെതിരെ കേസെടുത്തെങ്കിലും ഇയാൾക്കെതിരെ സർക്കാർ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.