ലോക്ക്ഡൌൺ കാലം പുതിയ രുചികൾ തേടിപ്പോവുകയാണ് നമ്മളെല്ലാം. പുതിയ പുതിയ പരീക്ഷങ്ങൾ കൊണ്ടും രുചികൾ കൊണ്ടും നിറഞ്ഞ് നിൽക്കുകയാണ് ഓരോ വീട്ടിലെ അടുക്കളയും. പ്രത്യേകിച്ചും വൈകുന്നേരങ്ങളിൽ.ഇതാ രുചികരമായ ഒരു നാലുമണിപലഹാരം…👇
ഹിഡൻ എഗ്ഗ്
——————–
ചേരുവകൾ :-
1.വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
2.സവാള – ഒന്ന് (വലുത്) ചെറുതായി അരിഞ്ഞത്
3.പച്ചമുളക് – രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
4.കറിവേപ്പില – ഒരു തണ്ട്
5.വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് – ഒരു ടി സ്പൂൺ
6.ഉപ്പ് – ആവശ്യത്തിന്
7.മഞ്ഞൾപൊടി – കാൽ ടി സ്പൂൺ
8.കുരുമുളക്പൊടി – അര ടി സ്പൂൺ
9.ചിക്കൻ മസാല/ഘരം മസാല – അര ടി സ്പൂൺ
10.മല്ലിയില – കുറച്ച്
11.മൈദ – ഒരു കപ്പ്
12.പാല് – മുക്കാൽ കപ്പ്
13.ബേക്കിങ് സോഡ – ഒരു നുള്ള്
14.കോഴിമുട്ട – മൂന്നെണ്ണം
പാകം ചെയ്യുന്ന വിധം :-
ഹിഡൻ എഗ്ഗ് തയ്യാറാക്കാനായി ആദ്യം ആവശ്യമായ മസാല തയ്യാറാക്കാം. ഫ്രൈ പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചെറുതായി അരിഞ്ഞുവെച്ച സവാള ഇതിലേക്ക് ചേർത്ത് ഇളക്കുക. ശേഷം പച്ചമുളക് അറിഞ്ഞതും കറിവേപ്പിലയും ചേർക്കുക. ഇവ നന്നായി ഇളക്കിയ ശേഷം ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ഒരു ടി സ്പൂൺ ചേർത്ത്, പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക. ശേഷം കാൽ ടി സ്പൂൺ മഞ്ഞൾപൊടി, അര ടി സ്പൂൺ കുരുമുളക്പൊടി, അര ടി സ്പൂൺ ചിക്കൻമസാല എന്നിവ ചേർത്ത് ഒന്ന് ഡ്രൈ ആയി വരുന്നത് വരെ ഇളക്കുക. ഇവിടെ ചിക്കൻമസാലക്കു പകരം ഘരം മസാല ഉപയോഗിക്കാവുന്നതാണ്. ഈ മസാലയിലേക്ക് അല്പം മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യാം.
ശേഷം ഒരു ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക.ഇതിലേക്ക് ഒരു കപ്പ് മൈദയും അര കപ്പ് പാലും ഒരുനുള്ള് ഉപ്പും ബേക്കിങ് സോഡയും ചേർക്കുക. ഇത് നന്നായി അടിച്ചെടുക്കുക. പാല് കുറവെന്ന് തോന്നിയാൽ വീണ്ടും ചേർക്കാവുന്നതാണ്. ശേഷം 2 മുട്ട പുഴുങ്ങിയത് ചെറുതായി വട്ടത്തിൽ മുറിച്ചു വെക്കുക.
ചൂടായ ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. നെയ്യിക്ക് പകരം ഓയിലും ഉപയോഗിക്കാവുന്നതാണ്.നെയ്യ് നന്നായി ചൂടായാൽ മുന്നേ അടിച്ചു വച്ച മിക്സിൽ നിന്ന് പകുതി പാനിലേക്ക് ഒഴിച്ചുകൊടുക്കുക. ഈ സമയം തീ ലോ ഫ്ളയിമിൽ ആക്കുക. ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച മസാല ചേർത്ത്, മുകളിൽ മുറിച്ചുവച്ച കോഴിമുട്ട വെക്കുക. ശേഷം ഇതിനു മുകളിലേക്ക് അടിച്ചുവച്ച ബാക്കിയുള്ള മിക്സ് കൂടി ഒഴിക്കുക. ഇതിനെ തീ ലോ ഫ്ലെയിമിൽ തന്നെ ഇട്ട് അടച്ചു വച്ച് വേവിച്ചെടുക്കുക. അല്പസമയത്തിന് ശേഷം ഇതിനു മുകളിലേക്ക് അൽപ്പം നെയ്യ് /ഓയിൽ ചേർത്ത് ഇതിനെ തിരിച്ചിടാം. ഇതിന്റെ മുകൾഭാഗം ഒന്ന് പൊങ്ങി വന്നാൽ തീ ഓഫ് ചെയ്യാവുന്നതാണ്.
കോഴിമുട്ട കൊണ്ടുള്ള വളരെ രുചികരമായ നാലുമണിപലഹാരം ഇവിടെ റെഡി ആയിക്കഴിഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു പലഹാരം തന്നെയാണ് ഇത്. എല്ലാവരും ട്രൈ ചെയ്യും എന്ന് വിശ്വസിക്കുന്നു.
Kitchen tips:-
ഇഞ്ചിയും വെളുത്തുള്ളിയും അൽപ്പം വിനാഗിരിയും ഉപ്പും ചേർത്ത് അരച്ച് പാത്രത്തിലാക്കി അടച്ചു ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ആവശ്യാനുസരണം എടുത്തുപയോഗിക്കാം…