പപ്പായ അത്ര നിസ്സാരക്കാരനല്ല! പറമ്പുകളിൽ ധാരാളമായി കാണപ്പെടുന്ന പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ പലരും വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താറില്ല.
ഓമയ്ക്ക, കപ്ലങ്ങ, പപ്പയ്ക്ക എന്ന് തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. നമ്മുടെ പറമ്പുകളിൽ സുലഭമായി കാണപ്പെടുന്ന പപ്പായ കീടനാശിനികളുടെ സഹായമില്ലാതെ വളരുന്നതിനാൽ പേടിക്കാതെ കഴിക്കുകയും ചെയ്യാം. കിട്ടുമ്പോഴൊക്കെ കഴിക്കുന്ന പഴവർഗ്ഗം എന്നതിലപ്പുറം പപ്പായയുടെ ഗുണങ്ങൾ പലർക്കും ഇന്നും അറിയില്ല.
എല്ലാ സീസണുകളിലും ലഭ്യമാകുന്ന പപ്പായ വിറ്റാമിനുകൾ, നാരുകൾ, മറ്റ് ധാതുക്കൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. സൗന്ദര്യ സംരക്ഷണത്തിൽ പപ്പായ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. മുഖസൗന്ദര്യത്തിനും നിറം വർദ്ധിപ്പിക്കാനും പലരും പഴുത്ത പപ്പായ ഉപയോഗിക്കാറുണ്ട്. ബ്യൂട്ടി പാർലറുകളിൽ പപ്പായ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് കാണാറില്ലേ?
പറമ്പുകളിൽ ധാരാളമായി കാണപ്പെടുന്നത് കൊണ്ട് തന്നെ ഈ പഴത്തിന് വേണ്ടത്ര പരിഗണന ആരും കൊടുക്കാറില്ല. എന്നാൽ പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ കൃത്യമായി മനസ്സിലാക്കിയാൽ പപ്പായയെ പിന്നെ ഒരിക്കലും നിസ്സാരവൽക്കരിക്കുകയില്ല എന്ന് മാത്രമല്ല, പപ്പായ കഴിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യും.
പഴുത്ത പപ്പായ മാത്രമല്ല, പപ്പായയുടെ ഇലയും കുരുവും പച്ച പപ്പായയും എന്തിന് പപ്പായയുടെ വേര് പോലും ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. ശാരീരികാവയവങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ പ്രകൃതിദത്തമായ കലവറയാണ് പപ്പായ എന്ന് തർക്കമില്ലാതെ പറയാം. ആന്തരീകാവയവങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങൾ പപ്പായയിൽ അടങ്ങിയിരിക്കുന്നു.
വിവിധ ത്വക് രോഗങ്ങൾ മുതൽ ബ്രെസ്റ്റ് ക്യാൻസർ, പാൻക്രിയാസ് ക്യാൻസർ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ പപ്പായയ്ക്ക് കഴിയുമെന്ന് നേരത്തെ തന്നെ ഗവേഷകർ തെളിയിച്ചിട്ടുള്ളതാണ്. വിറ്റാമിന്‍ Aയും വിറ്റാമിന്‍ Cയും ഉൾപ്പടെ പോളിസാക്കറൈഡുകൾ, എന്‍സൈമുകൾ, പ്രോട്ടീൻ, ധാതുലവണങ്ങൾ എന്നിവ പപ്പായയിൽ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ പപ്പായയിൽ അടങ്ങിയിരിക്കുന്ന കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ ക്യാൻസറിനെ ചെറുക്കാനും സഹായിക്കുന്നു. പോഷകമൂല്യങ്ങൾ ധാരാളമുണ്ടെങ്കിലും പപ്പായയിൽ കാലറി കുറവാണ്.
പപ്പായയിൽ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകൾ ദഹനപ്രക്രിയയെ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എൻസൈം പ്രോട്ടീനുകൾ വിഘടിപ്പിക്കുന്നതോടൊപ്പം ദഹനപ്രക്രിയയിലെ തടസ്സങ്ങൾ മാറ്റി ദഹനം വളരെ സുഗമമാക്കാൻ സഹായിക്കുന്നു. അതായത് ശരീരത്തിലെ പ്രോട്ടീൻ കൊഴുപ്പായി അടിയുന്നത് തടയുകയും പ്രമേഹം, രക്തസമ്മർദ്ദം, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നവരിൽ പിത്തം ഉണ്ടാകാറില്ല. ഇത് അമിതമായി അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കുകയും അമിത വണ്ണം ഉണ്ടാകുന്നത് തടയുകയും ചെയ്യും. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പപ്പായ മാത്രം മതി. കാലറി കുറവായതിനാൽ ശരീരഭാരം വർധിക്കുമെന്ന് പേടി വേണ്ട. പഴുത്തപപ്പായ അതിരാവിലെയോ രാത്രിയിലോ കഴിക്കാം…