ചില പാട്ടുകൾക്ക് മനുഷ്യ ജീവിതങ്ങളെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്. ചില ഗാനങ്ങളുടെ അർത്ഥതലങ്ങൾ മനുഷ്യന്റെ സാഹചര്യങ്ങളെയും ചിന്തകളെയും പ്രവർത്തികളെയും എല്ലാം മാറ്റിയെടുക്കാൻ പ്രാപ്തമായവയാണ്. അത്തരത്തിൽ ഒരു ഗാനം മലയാളകരക്ക് നൽകിയ ഒരു സിനിമയാണ് ജീൻ മാർക്കോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് സുകുമാരൻ, ലക്ഷ്മി പ്രിയ ചന്ദ്രമൗരി, ആശ ശരത് എന്നീ ചലച്ചിത്ര താരങ്ങൾ നിറഞ്ഞാടിയ \’എയ്ഞ്ചൽസ് \’.
ജാക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച്, നടൻ ഇന്ദ്രജിത്ത് സുകുമാരൻ തന്നെ ആലപിച്ച \’ ഈ മിഴിയിമകൾ\’ ഇന്നു തുടങ്ങുന്ന ഗാനത്തിലെ വരികൾ എല്ലാം തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നതാണ്. അത്രമേൽ സംഗീതാസ്വാദകരുടെ നെഞ്ചിടിപ്പിനെ പോലും സ്വാധീനിക്കുന്നതാണ് ഈ ഗാനം. പ്രശസ്ത മലയാള കവി ശ്രീ റഫീഖ് അഹമ്മദാണ് വരികൾ രചിച്ചിരിക്കുന്നത്. \’ഈ മിഴിമകൾ അടയുവതോ ഇനിയുണരാൻ\’ എന്ന് തുടങ്ങുന്ന വരികളിലൂടെ പ്രേക്ഷകർക്ക്, പരാജയപ്പെട്ടിടത്ത് നിന്നും ശക്തമായി ഉയർത്തെഴുന്നേൽക്കാൻ ഉള്ള വല്ലാത്തൊരു ഊർജം നൽകുകയാണ് ഈ പാട്ട്. ഒന്നും അവസാനിക്കുന്നില്ല, അഥവാ അവസാനിച്ചു എന്ന് തോന്നിയതെല്ലാം മറ്റൊരു ശുഭകരമായ തുടക്കത്തിനുള്ള മുന്നോടിയാണ്. തളരുകയല്ല പൊരുതുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള കരുത്തേറിയ ചിന്തകളാണ് ശ്രോതാവിന് ലഭിക്കുന്നത്.
\’ഒരു നാളിരുളും പകലായ് തെളിയും\’, \’ഓരോ ചോടും മുന്നോട്ടോടാൻ പിന്നോട്ടൊന്നായും\’ എന്നിങ്ങനെയുള്ള വരികളിലൂടെ ശക്തമായ ഒരു ശുഭാപ്തി വിശ്വാസം പ്രേക്ഷകർക്കു ലഭിക്കുന്നു. ഈ വരികളെ ഇത്രമേൽ മനോഹരവും തീവ്രവും ആക്കിയതിൽ, ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച ഓർഗസ്ട്ര ടീം വളരെ വലിയ പങ്കാണ് വഹിക്കുന്നത് എന്ന് എടുത്തു പറയാതെ വയ്യ. കൂടെ ഇന്ദ്രജിത്തിന്റെ ശബ്ദവും. രൗദ്രതയും തീക്ഷ്ണതയും ശുഭാപ്തിവിശ്വാസവും പകയും എല്ലാം കലർന്ന് നിൽക്കുന്ന ഒരു ഗാനമാണിത്. അവയുടെ തീക്ഷണത ഒട്ടും കുറയാതെ തന്നെ ഇന്ദ്രജിത്ത് വളരെ മനോഹരമായി ഈ ഗാനം ആലപിച്ചിരിക്കുന്നു. ജീവിതത്തിൽ തളർന്നു വീഴുന്ന ചില സമയങ്ങളിൽ, മനസ്സ് കലങ്ങി നിൽക്കുന്ന ചില സന്ദർഭങ്ങളിൽ മുന്നേറാൻ ഈ ഗാനം തീർച്ചയായും ഒരു മുതൽക്കൂട്ട് തന്നെയാണ്…