![](https://i0.wp.com/malluchronicle.com/wp-content/uploads/2023/10/reduced_airn3027025979190094905.jpg?resize=650%2C406&ssl=1)
ഹമാസ് അനുകൂല പോസ്റ്റുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് മെറ്റ. ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെക്കുന്നതിന് താല്കാലിക മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു.
പ്രദേശത്തെ ആളുകളെ ബാധിക്കും വിധത്തിലുള്ള ഉള്ളടക്കങ്ങള്‍ പുറം ലോകത്തെ അറിയിക്കുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. യുദ്ധം നടക്കുന്ന പ്രദേശത്തുള്ള ആളുകള്‍ക്ക് മാത്രമാണ് ഫെയ്സ്ബുക്കില്‍ ഇത് സംബന്ധിച്ച പോസ്റ്റ് പങ്കിടാന്‍ കഴിയൂ. അവരുടെ ഫ്രണ്ട്സിനും ഫോളോവേഴ്സിനും മാത്രമാകും കമന്റ് ചെയ്യാനും കഴിയുക. ഹമാസിനെ വാഴ്ത്തും വിധത്തിലുള്ള യാതൊന്നും ആരും പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും മെറ്റ വ്യക്തമാക്കുന്നു.
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മെറ്റയ്ക്ക് കീഴിലുള്ള എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കും ഇത് ബാധകമാണ്. കൊടും ഭീകരത സോഷ്യല്‍ മീഡിയ ആപ്പുകള്‍ വഴി വളര്‍ത്താന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് മെറ്റ പങ്കുവെക്കുന്നത്. ലോകമെമ്പാടും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.
ആഗോള തലത്തില്‍ തന്നെ മെറ്റ വന്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹീബ്രു, അറബി ഭാഷകള്‍ സംസാരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സംഘത്തെയാണ് കമ്പനി ഇതിനായി നിയമിച്ചിരിക്കുന്നത്. സംഘര്‍ഷം തുടങ്ങിയത് മുതല്‍ മെറ്റയുടെ നയങ്ങള്‍ ലംഘിച്ച 7,95,000 ലധികം ഉള്ളടക്കങ്ങളാണ് ഇതിനോടകം നീക്കം ചെയ്തത്.