
ന്യൂഡൽഹി: അടുത്ത വർഷത്തോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റേഷൻ മണ്ണെണ്ണ വിതരണം പൂർണ്ണമായി നിർത്താനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ പോകുന്നതായി സൂചന. കേന്ദ്ര പെട്രോളിയം മന്ത്രാലയം പൊതുവിതരണ വകുപ്പിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
അതേസമയം റേഷൻ മണ്ണെണ്ണ വിതരണം കേന്ദ്ര സർക്കാർ പൂർണ്ണമായി നിർത്തിയാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നും മണ്ണെണ്ണ വിതരണം നിർത്തുന്നത് ശരിയല്ലെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ അസോസിയേഷൻ അറിയിച്ചു.
ഇതിനിടെ റേഷൻ മണ്ണെണ്ണ വിതരണം പൂർണമായി നിറുത്താനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു.
അതേസമയം മണ്ണെണ്ണ വിൽപനയിൽ സാമ്പത്തിക നഷ്ടം വരുന്നതിനാൽ വിതരണം നടത്താൻ കഴിയില്ലെന്ന് റേഷൻ കടയുടമകൾ വ്യക്തമാക്കി.
റേഷൻ മണ്ണെണ്ണയുടെ അലോട്ട്മെന്റ് 50 ശതമാനത്തോളം കേന്ദ്രം വെട്ടി കുറച്ചിരുന്നു.80 രൂപക്ക് മുകളിൽ വിലവരുന്ന ഒരു ലിറ്റർ മണ്ണെണ്ണ വിൽക്കുന്നതിന് മൂന്ന് രൂപ എഴുപത് പൈസ കമ്മീഷനായി ലഭിക്കും. ഇത്തരത്തിൽ ഒരു മാസം 370 രൂപ മാത്രമാണ് കമ്മീഷനായി ലഭിക്കുന്നത്. ഇത് വൻ സാമ്പത്തിക നഷ്ടം വരുത്തുന്നുവെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്.