
ന്യൂഡൽഹി: കർണാടകാ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. മെയ് 10 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. മെയ് 13 നാണ് വോട്ടെണ്ണൽ. ഏപ്രിൽ 13 ന് വിജ്ഞാപനം പുറപ്പെടുവിക്കും. എൺപത് വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാം.
അംഗപരിമിതർക്കും വീട്ടിൽ നിന്നു തന്നെ വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കും. 50,282 പോളിംങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 5 കോടി 21 ലക്ഷം വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. 2 കോടി 59 ലക്ഷം സ്ത്രീകൾ, 2 കോടി 62 ലക്ഷം പുരുഷൻമാർ. ഇതിൽ 9,17,241 പുതിയ വോട്ടർമാരാണ്
224 സീറ്റുകളാണ് കർണാടകാ നിയമസഭയിലുള്ളത്. നിലവിൽ 119 സീറ്റുകളാണ് ബിജെപിക്കുള്ളത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് 103 സീറ്റുകളുണ്ട്. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കും
ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. കർണാടകയിൽ ഭരണം നിലനിർത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. അതേസമയം കർണാടക തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായാണ് കോൺഗ്രസ് മത്സര രംഗത്തുള്ളത്.
നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ നേരിട്ടുള്ള പോരാട്ടം എന്ന നിലക്കാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുക. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ പ്രാധാന്യവും കർണാടകാ തിരഞ്ഞെടുപ്പിനുണ്ട്. കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ ഒരു പരാമർശത്തിൻറെ പേരിലാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ടത്.
ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം കൂടിയായിരിക്കും കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം എന്ന വിലയിരുത്തലുമുണ്ട്. തിരഞ്ഞെടുപ്പ് സർവേകൾ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിച്ചിട്ടുണ്ട്.