
ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു. ലോക്‌സഭാ സെക്രട്ടേറിയറ്റിന്റേതാണ് ഈ അനുകൂല തീരുമാനം. മുഹമ്മദ് ഫൈസലിന്റെ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് അയോഗ്യത പിന്‍വലിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം പുറത്തുവന്നത്.
നേരത്തെ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ലോക്‌സഭാ സെക്രട്ടറിയേറ്റിനെ എതിര്‍കക്ഷിയാക്കിയായിരുന്നു മുഹമ്മദ് ഫൈസല്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. അയോഗ്യത നീങ്ങിയിട്ടും എംപി സ്ഥാനം പുനഃസ്ഥാപിച്ചില്ലെന്ന് കാട്ടിയായിരുന്നു ഹര്‍ജി. ഇത് മൂലം രണ്ട് പ്രധാനപ്പെട്ട ലോക്‌സഭ സെക്ഷനുകള്‍ നഷ്ടമായെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി മരവിപ്പിച്ചിരുന്നു. 2009ല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാഹിലിനെ ആക്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസല്‍ അടക്കം നാല് പേരെ 10 വര്‍ഷം തടവിന് കോടതി വിധിച്ചത്.
ഫൈസലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു.
ഇതിനിടെയാണ് എംപിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ സെഷന്‍സ് കോടതി വിധിയും 10 വര്‍ഷം തടവുശിക്ഷയും സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി ഉത്തരവിട്ടത്. പിന്നാലെ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു.