
‘സേവ് ബോക്സ്’ ഓണ്‍ലെെന്‍ ആപ്പ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി തൃശൂരിൽ നിന്നും പിടിയിലായി. തൃശൂർ വിയ്യൂർ സ്വദേശി സ്വാതിക്ക് റഹീമിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സേവ് ബോക്സ് ആപ്പിന്റെ പേരിൽ വിവിധ ഇടങ്ങളിൽ ഫ്രാഞ്ചെെസികള്‍ തുടങ്ങാമെന്ന പേരിൽ ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്.
‘സേവ് ബോക്സ്’ ഓണ്‍ലെെന്‍ ബിഡിങ് ആപ്പ് എന്ന സംവിധാനത്തിലൂടെ ലക്ഷങ്ങൾ സമ്പാദ്യമുണ്ടാക്കാന്‍ ഫ്രാഞ്ചൈസി നൽകാമെന്നും പറഞ്ഞാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. നിലവിൽ തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫ്രാഞ്ചെെസി തുടങ്ങി ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് വിശ്വിസിപ്പിച്ച് ഇയാളുടെ ഇരുപത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
കഴിഞ്ഞ ഡിസംബറില്‍ എടുത്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ ഓണ്‍ലെെനായി കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലേലം ചെയ്ത് എടുക്കാനുള്ള സംവിധാനമാണ് സേവ് ബോക്സ് ആപ്പില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ ഈ ആപ്പിന്റെ ഫ്രാഞ്ചെെസി തുടങ്ങാനെന്ന പേരില്‍ ലക്ഷങ്ങള്‍ വാങ്ങുകയും ലാഭവിഹിതമോ മുതലോ തിരിച്ചു നല്കാനാവാതെ വന്നതോടെയാണ് പണം നിക്ഷേപിച്ചയാള് പരാതിയുമായി രംഗത്തെത്തിയത്.
അതേസമയം സ്വാതിക്കിന്റെ പല സിനിമ താരങ്ങളുമായുള്ള ബന്ധവും ഇയാൾ തട്ടിപ്പിന് ഉപയോഗിച്ചുവെന്നാണ് വിവരം. ഇയാളുടെ അറസ്റ്റോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.