
തൃശൂർ അഞ്ഞൂർ പാർക്കാടി ഭഗവതീക്ഷേത്രത്തിലെ പൂരം ഇന്ന് ആഘോഷിക്കും. മുപ്പത്തിമൂന്ന് ഉത്സവ കമ്മിറ്റികൾ അണിനിരക്കും. വൈകീട്ട് നാലരയ്ക്ക് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിൽ നാല്പതോളം ഗജവീരന്മാർ അണിനിരക്കും.
ക്ഷേത്രത്തിൽ രാവിലെ വിശേഷാൽപൂജകൾ, ഉച്ചയ്ക്ക് കലംകരിക്കൽ എന്നിവയുണ്ടായിരുന്നു. മൂന്നിന് ദേവസ്വം പൂരം എഴുന്നള്ളിപ്പ് തുടങ്ങും. പൂതൃക്കോവിൽ പാർഥസാരഥി, ദേവിയുടെ തിടമ്പേറ്റും. നാലോടെ വിവിധ ദേശകമ്മിറ്റികളുടെ പൂരങ്ങൾ ക്ഷേത്രത്തിലെത്തും. വെള്ളിത്തിരുത്തി ഉണ്ണിനായരുടെ പ്രാമാണ്യത്തിൽ പാണ്ടിമേളത്തോടെയാണ് കൂട്ടിയെഴുന്നള്ളിപ്പ്. വൈകീട്ട് വടക്കേനടക്കൽ നാടൻകലാരൂപങ്ങളുടെ എഴുന്നള്ളിപ്പുകൾ സമാപിക്കും.
തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്ക് കൂട്ടിയെഴുന്നള്ളിപ്പ് തുടങ്ങും. നടുമുറ്റത്തുനിന്നുള്ള ദേവിയുടെ പുറപ്പാട്, പൊങ്ങിലിടി, വടക്കേ നടയ്ക്കൽ കാരാള കർമം എന്നിവയോടെയാണ് സമാപനം. ശനിയാഴ്ച വൈകീട്ട് അഞ്ഞൂർക്കുന്ന്, പട്ടാണിച്ചിറ എന്നിവിടങ്ങളിൽനിന്നുള്ള നാട്ടുതാലം എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തി. ദീപാലങ്കാരങ്ങളോടെ ക്ഷേത്രവും വർണപ്പന്തലുകളോടെ നാടും ഉത്സവത്തെ വരവേൽക്കാൻ ഒരുങ്ങി.