Site icon MalluChronicle

കോൺഗ്രസ് ഓഫീസിന് നേരെ നാടൻ ബോംബേറ്, ഗാന്ധി പ്രതിമയുടെ തലവെട്ടിയ നിലയിൽ, സംസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുന്നു..

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന്‍റെ പേരിൽ സംസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുന്നു.

സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ സിപിഎം- കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് നേരെ വൈകിട്ടോടെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. കണ്ണൂരിൽ ഡിസിസി ഓഫീസിന് നേരെയും ആക്രമണം നടന്നു.

കോഴിക്കോട് പേരാമ്പ്ര കോൺഗ്രസ് ഓഫീസിന് നേരെ നാടൻ ബോംബേറുണ്ടായി. അർദ്ധരാത്രി 12.55-ഓടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. കണ്ണൂർ പയ്യന്നൂരിൽ കാറമേൽ പ്രിയദർശിനി യൂത്ത് സെന്‍റർ അടിച്ചുതകർത്തു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സിപിഎം പ്രവർത്തകർ ആക്രമിച്ചു. ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ്.

തിരുവനന്തപുരം പൗഡിക്കോണത്ത് കോണ്‍ഗ്രസ് ഓഫിസിന് മുന്നിലെ ബോര്‍ഡുകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

കിളിമാനൂരില്‍ കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാവേലിക്കര എംഎല്‍എ അരുണ്‍കുമാറിന്റെ വാഹനം തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇടുക്കി ഡിസിസി പ്രസിഡന്റിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.

കെപിസിസി ആസ്ഥാനത്തിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സിന്‍ മജീദ് ജോലി ചെയ്യുന്ന സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധമാര്‍ച്ച് നടത്തും. കണ്ണൂരും തിരുവനന്തപുരത്തും നേതാക്കളുടെ വീടുകള്‍ക്ക് സുരക്ഷ ശക്തമാക്കി. സംഘര്‍ഷം ഇന്നും തുടരുമെന്ന വിലയിരുത്തലില്‍
സംസ്ഥാന വ്യാപകമായി പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Exit mobile version