![](https://i0.wp.com/malluchronicle.com/wp-content/uploads/2022/04/reduced_Picsart_22-04-28_11-57-54-941.jpg?resize=650%2C433&ssl=1)
തൃശൂര്‍: മോഷണം പോയ മൊബൈല്‍ ഫോണ്‍ അതിവിദഗ്ധമായി കണ്ടെത്തി യുവതി. മോഷണം നടന്ന് 24 മണിക്കൂറിനുള്ളിലാണ് യുവതി കള്ളനെ തന്ത്രപരമായി പിടികൂടിയത്.
പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്ന സുബ്രഹ്മണ്യന്റെ ഫോണ്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് മോഷണം പോയത്. ഇതേസമയത്ത് തന്നെ തൊട്ടടുത്ത വീട്ടിലെ മൊബൈല്‍ ഫോണും മോഷണം പോയതായി കണ്ടെത്തി. ഇതോടെയാണ് എങ്ങനെയും മോഷ്ടാവിനെ കണ്ടെത്തണമെന്ന് ജെസ്ന ഉറപ്പിച്ചത്.
അടുത്തുള്ള വീടുകളില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്ന സമയത്ത് ആയുര്‍വേദ ഉത്പന്നങ്ങളുമായി ഒരു ചെറുപ്പക്കാരന് എത്തിയെന്ന വിവരം മനസിലാക്കിയത്. തുടര്‍ന്ന് ജെസ്ന മാള പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. തിരികെ മടങ്ങും വഴിയാണ് ഇതേ കമ്പനിയുടെ ആയുര്‍വേദ ഉത്പന്നങ്ങള്‍ വില്ക്കാന് എത്തിയവരെ കാണുന്നത്. ഇവരുമായി വിവരം പങ്കുവച്ചു. ഇവരില്‍ നിന്നും കമ്പനി മാനേജരുടെ നമ്പര്‍ വാങ്ങി കാര്യം അറിയിച്ചു.
അയല്‍വാസികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തിയ ആളുടെ ഏകദേശരൂപവും മാനേജര്‍ക്ക് പറഞ്ഞു കൊടുത്തു. തുടര്‍ന്ന് മാനേജര്‍ ജെസ്നയ്ക്ക് നാല് പേരുടെ ചിത്രങ്ങള്‍ അയച്ചു കൊടുത്തു. അയല്‍ക്കാരെ കാണിച്ച് അതില്‍ നിന്നും അവിടെ വില്‍പ്പനയ്ക്കെത്തിയ ആളുടെ ചിത്രം കണ്ടെത്തി മാനേജരെ വിവരം അറിയിച്ചു. മാനേജര്‍ നേരിട്ട് വിളിച്ച് ചോദ്യം ചെയ്തതോടെ ഇയാള്‍ മോഷണം നടത്തിയ കാര്യം സമ്മതിച്ചു. ജെസ്നയുടെ ഫോണ്‍ മാനേജര്‍ക്ക് നല്കിയ ശേഷം ഇയാള്‍ മുങ്ങി. മാള സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ജെസ്നയ്ക്ക് മാനേജര്‍ ഫോണ്‍ കൈമാറിയത്. അതേസമയം അയല്‍വാസിയുടെ ഫോണ്‍ തിരികെ കിട്ടിയിട്ടില്ല.