
കുടുംബസംഗമത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെൺകുട്ടി വയറിളക്കവും ഛർദിയും ബാധിച്ച് മരിച്ചു. കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജിന്റെ മകൾ ആൻസിയ(9)യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയമുണ്ട്. കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആൻസിയ.
ഞായറാഴ്ച നടന്ന തറവാട്ട് കുടുംബസംഗമത്തിൽ ആൻസിയയും കുടുംബവും പങ്കെടുത്തിരുന്നു. സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിൽനിന്നാണ് ഭക്ഷണം എത്തിച്ചത്. ചോറും മീനും മാംസവും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച പലർക്കും വയറിളക്കവും വയറുവേദനയും ഉണ്ടായെങ്കിലും ആരും ആശുപത്രിയിലില്ല.
തിങ്കളാഴ്ച പുലർച്ചെയാണ് ആൻസിയയ്ക്ക് വയറിളക്കമുണ്ടായത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഛർദിയും തുടങ്ങി. തുടർന്ന് 11 മണിയോടെ പുത്തൻപീടികയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അല്പം കഴിഞ്ഞപ്പോൾ മരിച്ചു. ആശുപത്രിയിലെത്തിക്കുമ്പോൾ അവശനിലയായിരുന്നുവെന്നാണ് അധികൃതർ പറഞ്ഞത്. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥതയുണ്ടായെന്ന് ബന്ധുക്കൾ അന്തിക്കാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പോലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് അന്തിക്കാട് എസ്.എച്ച്.ഒ. അനീഷ് കരീം പറഞ്ഞു. ചൊവ്വാഴ്ച ആരോഗ്യവകുപ്പ് തെളിവെടുപ്പ് നടത്തും. ആൻസിയയുടെ അമ്മ: സെറിൻ. സഹോദരി: ആസ്മി. സംസ്കാരം ചൊവ്വാഴ്ച കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ.