![](https://i0.wp.com/malluchronicle.com/wp-content/uploads/2022/04/n3748790261649297299801ca23eb708ad0e102c37f93af1661346a6ee08e138f324138a1978a558799332e.jpg?resize=650%2C357&ssl=1)
പാലക്കാട് : പാലക്കാട് തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കും. പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം.10,540 രൂപയാണ് 50 തവണ ടോൾ കടന്ന് പോകാന്‍ സ്വകാര്യ ബസുകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുന്നത്. പ്രതിമാസം 30,000 ത്തില്‍ അധികം രൂപ ടോള്‍ നല്‍കേണ്ടി വരും. ഇത് നല്കി സര്‍വീസ് തുടരാന്‍ കഴിയില്ലെന്ന നിലപാടാണ് ബസ് ഉടമകള്‍ക്ക്. ഈ സാഹചര്യത്തിലാണ് ഇന്നുമുതല്‍ സര്‍വീസ് നിര്‍ത്തുന്നത്.
അതേസമയം ടോള്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ ബസ് ജീവനക്കാരും ഉടമകളും നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കും. പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പ്രതിഷേധം ഉണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് സ്വകാര്യ ബസുകളില്‍നിന്ന് ടോള്‍ പിരിക്കാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദേശീയപാത അതോറിറ്റിയാണ് ടോള്‍ പിരിക്കുന്നത്.