![](https://i0.wp.com/malluchronicle.com/wp-content/uploads/2022/04/image_search_1649305339389.jpg?resize=650%2C361&ssl=1)
പാലക്കാട്: ദേശീയപാത ചടയൻകാലായിൽ ചരക്കു ലോറി സ്കൂട്ടറിൽ ഇടിച്ച് ഇരട്ട സഹോദരങ്ങൾക്ക് ദാരുണാന്ത്യം. റോഡിലേക്കു തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി ഇരുവരും തൽക്ഷണം മരിക്കുകയായിരുന്നു. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോൺ (35), ദീപു ജോൺ (35) എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ഓടെ കഞ്ചിക്കോട് ഐടിഐക്ക് മുന്നിലായിരുന്നു അപകടം.
സോളാർ പ്ലാന്റ് സ്ഥാപിക്കുന്ന എഞ്ചിനീയർമാരാണ് ഇരുവരും. ജോലി ആവശ്യത്തിനു കോയമ്പത്തൂരിലെത്തിയ ഇവർ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്കൂട്ടർ ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്ക് കയറുന്നതിനിടെ ലോറി ഇടിച്ച് ഇരുവരും റോഡിലേക്കു തെറിച്ചു പിന്നാലെയെത്തിയ മറ്റൊരു ലോറിക്കടിയിൽ പെടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.