നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തുന്ന നടന് സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രം ‘പടവെട്ടി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി.
സിനിമയ്ക്ക് സണ്ണി വെയ്ന്‍ പാക്കപ്പ് പറയുന്ന വിഡിയോ അണിയറപ്രവര്‍ത്തകരിലൊരാള്‍ ട്വിറ്ററില്‍ പങ്കുവച്ചു. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് പടവെട്ട്. സിനിമയുടെ സംവിധായകന് ലിജു കൃഷ്ണ ബലാത്സംഗക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ചിത്രം പ്രതിസന്ധിയിലായിരുന്നു.
പടവെട്ടിന്റെ ക്ലൈമാക്സ് ചിത്രീകരണം നടക്കുന്നതിനിടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് ലിജു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ലൈംഗിക പീഡന പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അദിതി ബാലനാണ് പടവെട്ടിലെ നായിക. മഞ്ജു വാരിയര്‍ അതിഥി വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, ഷമ്മി തിലകന്, വിജയരാഘവന്, കൈനകിരി തങ്കരാജ്, ബാലന് പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥയും ലിജു തന്നെയാണ് ഒരുക്കിയിരിക്കുന്നത്. മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തില്‍ സണ്ണി വെയ്നും ലിജുവും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ലിജു നിര്‍മിച്ച നാടകം സണ്ണി വെയ്നാണ് സംവിധാനം ചെയ്തത്.