![](https://i0.wp.com/malluchronicle.com/wp-content/uploads/2022/02/image_search_1644732591246.jpg?resize=650%2C325&ssl=1)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും.
ഒന്നു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ക്ക് രാവിലെ മുതല്‍ ഉച്ചവരെ എന്ന അടിസ്ഥാനത്തിലാകും ക്ലാസുണ്ടാകുക. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ നടക്കുമെന്നും മന്ത്രി വി ശിവന് കുട്ടി അറിയിച്ചു.
ഈ മാസം 21 മുതല്‍ ക്ലാസുകള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കും. മുഴുവന്‍ കുട്ടികളും സ്കൂളിലെത്തണം. അന്ന് മുതല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും സ്കൂളുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിദിനമായിരിക്കും.
എല്ലാ അങ്കണവാടികള്‍, ക്രഷുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയും തിങ്കളാഴ്ച തുറക്കുന്നുണ്ട്. ഉച്ചവരെയായിരിക്കും ഇവര്‍ക്ക് ക്ലാസുകള്‍. തിങ്കള്‍ മുതല്‍ വെള്ളിവരെയായിരിക്കും പ്രവര്‍ത്തിക്കുക.
മാര്‍ഗനിര്‍ദേശങ്ങള്‍:
• 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതല്‍ രാവിലെ മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ നിലവിലുള്ളതുപോലെ ക്ലാസ്സുകള്‍ തുടരാവുന്നതാണ്.
• 10, 11, 12 ക്ലാസുകള്‍ ഇപ്പോള്‍ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്.
• ഫെബ്രുവരി 21 മുതല്‍ 1 മുതല്‍ 12 വരെ ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി സാധാരണ നിലയില്‍ തന്നെ ക്ലാസുകള്‍ എടുക്കാവുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്.
• ഫെബ്രുവരി 21 മുതല്‍ സ്കൂള്‍ സമയം രാവിലെ മുതല്‍ വൈകുന്നേരം വരെ അതത് സ്കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിള്‍ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.
• 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28 ന് അകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും തുടര്‍ന്ന് റിവിഷന്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കേണ്ടതുമാണ്.
• ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങള്‍ ഒഴികെയുളള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.
• എല്ലാ ശനിയാഴ്ചകളിലും സ്കൂള്‍തല എസ്.ആര്‍ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതുമാണ്.