104-ല്‍ എഴുതാനും വായിക്കാനും പഠിച്ച മലയാള മുത്തശ്ശി ഇപ്പോള്‍ അന്താരാഷ്ട്ര താരമായി. ലോകത്തിലെ നമ്പര്‍ വണ്‍ വാര്‍ത്താ ചാനലായ ബി.ബി.സിയാണ് 104 വയസ്സുള്ള കുട്ടിയമ്മയുടെ കഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോട്ടയം തിരുവഞ്ചൂര്‍ സ്വദേശിയാണ് കുട്ടിയമ്മ. ഈ നൂറ്റിനാലാം വയസിലാണ് സാക്ഷരത മികവോല്‍സവത്തില്‍, അവര്‍ മികച്ച മാര്‍ക്ക് നേടിയത്. ഇതോടെയാണിപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ താരമായിരിക്കുന്നത്.
എന്ത് കിട്ടിയാലും വായിക്കുമെന്നും വായിക്കാതെ പറ്റില്ലെന്നതുമാണ് കുട്ടിയമ്മയുടെ നിലപാട്. ഇതൊന്നും വായിക്കാന്‍ കുട്ടിയമ്മയ്ക്ക് കണ്ണടയും ആവശ്യമില്ല. മൂന്ന് മാസം മുന്‍പു വരെ ഈ മുത്തശ്ശിക്ക് എഴുതാനറിയില്ലായിരുന്നു. അതും ഇപ്പോള്‍ സാധിച്ച ഗമയിലാണ് നൂറ്റിനാലാം വയസില്‍ കുട്ടിയമ്മ എത്തി നില്‍ക്കുന്നത്.
അയര്‍കുന്നം പഞ്ചായത്തിലെ സാക്ഷരതാ മികവോല്‍വസത്തില്‍, 100 ല്‍ 89 മാര്‍ക്ക് നേടിയാണ് കുട്ടിയമ്മ മികച്ച വിജയം കരസ്ഥമാക്കിയിരുന്നത്. കുട്ടിയമ്മയ്ക്ക് കേള്‍വിക്കുറവുണ്ടെങ്കിലും. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ നിലവിലില്ല. കുട്ടിയമയുടെ മക്കളെ കണ്ടാല്‍ കൂട്ടുകാരെന്ന് മാത്രമേ ആര്‍ക്കും തോന്നുകയൊള്ളൂ. എഴുപത്തിയാറുകാരന് ഗോപാലനും 81 കാരി ജാനകിയുമാണ് കുട്ടിയമ്മയുടെ മക്കള്‍. അഞ്ച് തലമുറയെയും നിലവില്‍ കുട്ടിയമ്മ കണ്ട് കഴിഞ്ഞു.
ചുറുചുറുക്കോടെ പഠിക്കാന്‍ വന്ന കുട്ടിയമ്മയെ പഠിപ്പിക്കാന്‍ സാക്ഷരത പ്രേരകിനും ഒട്ടും പാടുപെടേണ്ടി വന്നിരുന്നില്ല. നാലാം ക്ലാസ് പരീക്ഷയെഴുതാനുള്ള യോഗ്യതയാണ് കുട്ടിയമ്മ ഇപ്പോള്‍ നേടിയിരിക്കുന്നത്.
https://www.bbc.com/news/av/world-asia-india-59503872