![](https://i0.wp.com/malluchronicle.com/wp-content/uploads/2021/11/IMG_20211105_201323.jpg?resize=650%2C378&ssl=1)
സ്പെയിന്റെയും ബാഴ്സലോണയുടെയും ഇതിഹാസ താരം ചാവി ഹെര്‍ണാണ്ടസ് ബാഴ്സയുടെ പുതിയ പരിശീലകനായി ചുമതലയേല്‍ക്കുമെന്ന് ഉറപ്പായി.ഡച്ച് പരിശീലകന് റൊണാള്‍ഡ് കോമാനെ പുറത്താക്കിയ ഒഴിവിലേക്കാണ് ചാവി എത്തുന്നത്. ഇതു സംബന്ധിച്ച് തീരുമാനമായതായി ചാവി നിലവില്‍ പരിശീലിപ്പിക്കുന്ന ഖത്തര്‍ ക്ലബ് അല്‍ സാദ് ഔദ്യോഗികമായി അറിയിച്ചു.
41-കാരനായ ചാവി 1998 മുതല്‍ 2015 വരെ 17 വര്‍ഷക്കാലം ബാഴ്സയുടെ നെടുന്തൂണായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്ന ചാവി ബാഴ്സയുടെ സുവര്‍ണ തലമുറയുടെ ഭാഗമായിരുന്നു. ചാവി-ഇനിയസ്റ്റ-മെസി ത്രയം നേടാത്ത ട്രോഫികള്‍ ക്ലബ് ഫുട്ബോള്‍ ചരിത്രത്തില്‍ ഇല്ല. 2015ല്‍ ബാഴ്സ വിട്ട് അല്‍ സാദിലെത്തിയ ചാവി നാല് വര്‍ഷം അവര്‍ക്കായി കളിച്ചു
2019 മുതല്‍ ക്ലബ് പരിശീലകനാണ് ചാവി. 41കാരനായ രണ്ടര വര്‍ഷത്തിനിടെ ചാവിയുടെ കീഴില്‍ അല്‍ സാദ് ഖത്തര്‍ സൂപ്പര്‍ ലീഗടക്കം ഏഴ് കിരീടങ്ങള്‍ നേടി. കഴിഞ്ഞ കുറച്ചുനാളുകളായി ചാവിയുടെ പേര് ബാഴ്സയുമായി ചേര്‍ത്ത് പറയപ്പെട്ടിരുന്നു. എന്നാല്‍ മുമ്ബ് ഈ അവസരം നിരസിച്ച സാവി എന്നാലിപ്പോള്‍ ബാഴ്സയിലേക്ക് തിരിച്ചെത്താന്‍ താല്പര്യപ്പെടുന്നുണ്ട്. ഇക്കാര്യം ചാവി അല്‍ സാദിനെ അറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ചാവി ക്ലബ് വിടുകയാണെന്ന് അല്‍ സാദ് അറിയിച്ചത്.