Site icon MalluChronicle

പോലീസിന് കാക്കിയുടെ അഹന്ത, മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ പരസ്യ വിചാരണ ചെയ്യ്ത സംഭവം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ആറ്റിങ്ങലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ അലോസരമുണ്ടാക്കുന്നതാണെന്നു ഹൈക്കോടതി.

പോലീസുകാരി ഒരു സ്ത്രീയല്ലേയെന്നും ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും കോടതി ചോദിച്ചു.

ഫോണിന്റെ വില പോലും കുട്ടിയുടെ ജീവനു കല്‍പ്പിച്ചില്ല. കുട്ടിക്ക് പോലീസ് നോടുള്ള പേടി ജീവിത കാലം മാറുമോ? ഈ സംഭവം വിദേശത്തായിരുന്നെങ്കില്‍ കോടികള്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നേനെ. പൊലീസുകാരി മാപ്പ് പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നം അപ്പോള്‍ തീര്‍ന്നേനെയെന്നും കോടതി നിരീക്ഷിച്ചു.

പൊലീസുകാരിയുടെ കാക്കി ഈഗോയും അഹങ്കാരവും പ്രകടമായി. ആളുകളുടെ നിറവും വസ്ത്രവും നോക്കിയാണ് ചിലപ്പോള്‍ ആളുകളോട് പൊലീസ് പെരുമാറുന്നത്. വീഡിയോ കണ്ടതുകൊണ്ട് ഇതെങ്കിലും പുറത്തുവന്നു. ഇതുപോലെ എത്ര മാത്രം സംഭവങ്ങള്‍ നടന്നുകാണുമെന്നും കോടതി ചോദിച്ചു.

സംഭവത്തില്‍ ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുട്ടിയെയുടെ ചികിത്സാ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണം. പൊലീസുകാരിയെ സ്ഥലം മാറ്റിയ ഉത്തരവും അതിനുള്ള കാരണങ്ങളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കുട്ടിയുടെയോ പിതാവിന്റെയോ മൊഴി ഇതുവരെ എടുത്തിട്ടില്ലെന്നു ഹര്‍ജി ഭാഗം ബോധിപ്പിച്ചു.

മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി വയ്‌ക്കേണ്ടത് പൊലീസുകാരിയുടെ ചുമതലയാണെന്നു വിഡിയോ കാണുന്നതിനു മുന്‍പ് കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തതെന്ന് ആരാഞ്ഞ കോടതി ചില വീഴ്ച ഉണ്ടായെന്നു വ്യക്തമാണെന്നും സ്ഥലം മാറ്റം ശിക്ഷയാണോയെന്നും ചോദിച്ചിരുന്നു.

പൊലീസ് നടപടിയില്‍ 50 ലക്ഷം നഷ്ടപരിഹാരവും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മാനസികാഘാതത്തിനു ചികിത്സ തേടേണ്ടി വന്നതായി ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു.

ആറ്റിങ്ങല്‍ സ്വദേശിയായ ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകളുമാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ അവഹേളത്തിനിരയായത്. ഓഗസ്റ്റ് 27നായിരുന്നു സംഭവം. പിങ്ക് പൊലീസ് വാഹനത്തില്‍നിന്ന് തന്റെ മൊബൈല്‍ ഫോണ്‍ ആരോപിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി. ഐസ്‌ആര്‍എഒയുടെ തിരുവനന്തപുരം കേന്ദ്രത്തിലേക്കു കൂറ്റന്‍ ചേംബറുകളുമായി പോകുകയായിരുന്ന വാഹനങ്ങള്‍ കാണാന്‍ എത്തിയതായിരുന്നു ജയചന്ദ്രനും മകളും.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ വിദ്യാര്‍ഥിനിയെയും പിതാവിനെയും പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച സംഭവം ചെറുതായി കാണാനാവില്ലെന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥയ്ക്കു കുട്ടിയെ ചോദ്യം ചെയ്യാനാവുമോയെന്നും ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും കോടതി ചോദിച്ചിരുന്നു.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കേസെടുക്കാനാണു കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അപമാനത്തിനിരയായ കുട്ടിക്കുണ്ടായ മാനസികാഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഒരു കുട്ടിയെ മോഷ്ടാവായി ചിത്രീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥ ശ്രമിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നു കമ്മിഷന്‍ വ്യക്തമാക്കി. ഗുരുതരമായ കുറ്റം ചെയ്തിട്ടും ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. സ്ഥലം മാറ്റം പൊലീസില്‍ അച്ചടക്കത്തിന്റെ ഭാഗമായ സ്വാഭാവിക നടപടിക്രമം മാത്രമാണ്. ഇത്തരം വീഴ്ചകളില്‍ കനത്ത ശിക്ഷാനടപടി തന്നെ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കുട്ടികളോടുള്ള പെരുമാറ്റം സംബന്ധിച്ച്‌ പൊലീസ് സേനാംഗങ്ങള്‍ക്കു പ്രത്യേക പരിശീലനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ നിര്‍ദേശിച്ചു. പരാതിക്കാരായ യുവാവിനെയും മകളെയും ആരോപണവിധേയരെയും ബാലാവകാശ കമ്മിഷന്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു ഉത്തരവുണ്ടായത്.

Exit mobile version