യു പിയിൽ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്താൻ നേടിയ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് ഭാര്യക്കെതിരെ യുവാവ് പൊലീസിൽ പരാതി നൽകി. രാംപൂർ ജില്ലയിലെ അസിം നഗറിൽ താമസിക്കുന്ന ഇഷാൻ മിയാനാണ് ഭാര്യക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചത്. ഡൽഹിയിലെ ജോലി സ്ഥലത്തു വച്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ഇഷാൻ ഒക്ടോബർ 24ലെ കളി കണ്ടത്.
എന്നാൽ ഇന്ത്യ-പാക് കളിക്ക് ശേഷം ഭാര്യ റാബിയ ഷംസി പാകിസ്താൻ സിന്ദാബാദ് എന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ് വയ്ക്കുകയായിരുന്നു. ഇതാണ് ഇഷാനെ ചൊടിപ്പിച്ചത്. ‘അവർ പാകിസ്താന്റെ വിജയം ആഘോഷിച്ചു. ഇന്ത്യയെ അപമാനിക്കുകയും ചെയ്തു. ഇതുമൂലം ഫാക്ടറിയിലെ ആളുകൾ എന്നെ സംശയത്തോടെയാണ് നോക്കുന്നത്. അപമാനിതനായതു കൊണ്ടാണ് പൊലീസിനെ സമീപിച്ചത്’ ഇഷാൻ പറഞ്ഞു..
ഭാര്യയ്ക്കെതിരെ ശിക്ഷാ നിയമത്തിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി രാംപൂർ അഡീഷണൽ എസ്പി സൻസർ സിങ് പറഞ്ഞു. ഇഷാനും ഭാര്യയും വേർപിരിഞ്ഞാണ് താമസം. ഭർത്താവിനെതിരെ റാബിയ ഗാർഹിക പീഡനത്തിന് പരാതിയും നൽകിയിട്ടുണ്ട്.