തൃശൂർ: വിദ്യാലയ മുറ്റത്തു കണ്ടു കൊതി തീരും മുമ്പേ അഖിലയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് സഹപാഠികൾ
ഇടവേളക്ക് ശേഷം കലാലയത്തിലെ ഒത്തുചേരലിന്റെ കൊതി തീരും മുമ്പേ അഖിലയുടെ വിയോഗം സഹപാഠികളെയാകെ തളർത്തിയിരിക്കുകയാണ്.
പേരാമംഗലം ശ്രീ ദുർഗാവിലാസം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഖില അജയകുമാറിന്റെ ദാരുണ മരണ വാർത്തയുടെ ഞെട്ടലിലാണ് കളിക്കൂട്ടുകാരും സ്കൂൾ വിദ്യാർത്ഥികളും.
ഒന്നര വർഷത്തിലധികമുള്ള ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിൽ ഒത്തുകൂടിയ സന്തോഷത്തിലായിരുന്നു അഖിലയും കൂട്ടുകാരും.
എന്നാൽ വെള്ളിയാഴ്ച രാവിലെ മുണ്ടൂർ പെരിങ്ങന്നൂരിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് വരുന്നതിനിടെ മനപ്പടിയിൽ വെച്ചു ബൈക്കിടിചുണ്ടായ അപകടത്തിൽ അഖില മരണത്തിനു കീഴടങ്ങുകയായിരുന്നു.
വളരെയേറെ പ്രയാസങ്ങൾക്കുള്ളിൽ ജീവിച്ചു പോകുന്ന അഖിലയുടെ കുടുംബത്തെ ഈ വേർപാട് വല്ലാതെ തകർത്തിരിക്കുകയാണ്.
പിതാവ് അജയകുമാർ ശരീരം തളർന്നു കിടപ്പിലാണ്. മാതാവ് പ്രസന്നയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിച്ച് വാടക വീട്ടിലാണ് കഴിയുന്നത്.
വിദ്യാലയത്തിൽ നിന്നും മറ്റുമായി ലഭിക്കുന്ന അവശ്യ വസ്തുക്കൾ ലഭിച്ചു കൊണ്ടും കൂടെയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.