സോഷ്യൽ മീഡിയയിൽ അടിപൊളി ചിത്രങ്ങളും പോസ്റ്റുകളുമായി നിറഞ്ഞ് നിൽക്കുന്ന ആളാണ് നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും അഹാനയുടെ ആദ്യത്തെ അനുജത്തിയുമായ ദിയ കൃഷ്ണ. മാലിദ്വീപിൽ സ്വിം സ്യൂട്ട് ധരിച്ച് നീന്തുന്ന ത്രോബാക്ക് ചിത്രങ്ങൾ ദിയ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ നടത്തിയ മാലിദ്വീപ് അവധിയാഘോഷത്തിന്റെ ബാക്കിചിത്രങ്ങളായിരുന്നു അത്. അനുജത്തി ഇഷാനി കൃഷ്ണയാണ് ഈ ചിത്രം പകർത്തിയത്.
നീന്താനും സ്വിം സ്യൂട്ട് ധരിക്കാനും ഇഷ്ടപ്പെടുന്നു എന്ന ക്യാപ്ഷനോടെയാണ് ദിയചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതേ ചിത്രത്തിന് ‘ലോകം എന്ത് പറയും’ എന്ന തരത്തിൽ ഒരാൾ കമന്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ദിയ മറുപടിയും കൊടുത്തിട്ടുണ്ട്.
‘ഓസിയെ (ദിയയുടെ ഓമനപ്പേര്) ഭയങ്കര ഇഷ്ടമാ. പക്ഷെ ഏതു വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ പറയാതിരിക്കാൻ ഇന്നത്തെ ലോകം സമ്മതിക്കില്ല. ഇത്ര ആൾക്കാർ ഉണ്ടായിട്ടും… ഓസി, ദയവായി ലോകത്തെ മനസ്സിലാക്കാൻ ശ്രമിക്കൂ’ എന്നാണ് കമന്റിന്റെ പൂർണരൂപം.
‘എന്നെ ഇഷ്ടപ്പെടുന്നതോ, ഇഷ്ടപ്പെടാതിരിക്കുന്നതോ എന്റെ വസ്ത്രം അടിസ്ഥാനപ്പെടുത്തിയാവരുത്. ഓരോ പുരുഷനും സ്ത്രീയ്ക്കും അവർ ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്’ എന്നായിരുന്നു ഈ കമന്റിന് ദിയ നൽകിയ മറുപടി. വിലയിരുത്തപ്പെടുന്ന ഇത്തരം ചിന്താഗതിയാണ് മാറേണ്ടത് എന്നും ദിയ മറുപടിയിൽ പറഞ്ഞു.
യൂട്യൂബ് ചാനൽ, ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്നിവ വഴി ദിയ കൃഷ്ണ ഇൻഫ്ലുവെൻസറായി പ്രവർത്തിക്കുന്നുണ്ട്.